നീനുവിനെ വീട്ടിലെത്തി ആശ്വസിപ്പിക്കുമോ?: മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം : പ്രണയിച്ച് വിവാഹം കഴിഞ്ഞതിനെ തുടര്‍ന്ന് കെവിന്‍ പി. ജോസഫ് കൊല്ലപ്പെട്ടതില്‍ ആഭ്യന്തര വകുപ്പും പിണറായി വിജയനും പഴികേള്‍ക്കുമ്പോള്‍ വീട്ടിലെത്തി നീനുവിനെ ആശ്വസിപ്പിക്കുന്നമോ എന്ന ചോദ്യത്തിന് അതിപ്പോള്‍ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും ജോലിയില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയിട്ടുള്ള ഉദ്യോഗസ്ഥരെ ഇതിന്റെ ഭാഗമായി സസ്പെന്‍ഡു ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനു പകരം മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കം നടക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ ചെയ്യേണ്ടത് മാധ്യമ ധര്‍മ്മമാണെന്നും എന്നാല്‍ തെറ്റായ കാര്യങ്ങളാണ് അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിപിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണെന്നും മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവരോടാണ് ചോദിക്കേണ്ടത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്തെന്ന് രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും അദ്ദേഹം വിടുവായിത്തം പറയാന്‍ കേമനാണെന്നും മാധ്യമപ്രവര്‍ത്തകരോടായി മുഖ്യമന്ത്രി പറഞ്ഞു.

v

Top