ജാമ്യമില്ല; ജയരാജൻ റിമാൻഡിൽ

സ്വന്തം ലേഖകൻ
കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ കോടതിയിൽ കീഴടങ്ങിയ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ മാർച്ച് 11 വരെ റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ട് പോകുന്നത്. ശാരീരിക അവശതകൾ ഉള്ളതിനാൽ തനിക്ക് ഒരു സഹായിയെ വേണമെന്ന് ജയരാജൻ കോടതിയോട് ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യഹർജി ഹൈകോടതി ഇന്നലെ തള്ളിയതിനെ തുടർന്നാണ് ജയരാജൻ തലശ്ശേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. പരിയാരം മെഡിക്കൽ കൊളെജിൽ ചികിത്സയിലായിരുന്ന ജയരാജൻ രാവിലെ 9.30ഓടെ ആശുപത്രി വിട്ടിരുന്നു. തുടർന്ന് എ.കെ.ജി സഹകരണ ആശുപത്രിയുടെ മൊബൈൽ ഐ.സി.യു ആംബുലൻസിൽ കണ്ണൂരിലേക്ക് തിരിച്ചു. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയരാജൻ കോടതയിലെത്തിയത്. തുടർന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. വ്യക്തിപരമായി തന്നെ ആക്രമിക്കാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയാണ് തന്റെ അറസ്റ്റെന്ന് ജയരാജൻ പറഞ്ഞു. അനൗദ്യോഗികമായി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം.വി. ജയരാജൻ, കെ.കെ രാഗേഷ് എം.പി എന്നിവരും അദ്ദേഹത്തോടൊപ്പം കോടതിയിലെത്തിയിരുന്നു.

ജയരാജനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ കണ്ണൂരിൽ അക്രമസംഭവങ്ങൾ അരങ്ങേറാതിരിക്കാൻ പൊലീസ് എല്ലാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. അക്രമങ്ങളെ ശക്തമായി നേരിടുമെന്നും കണ്ണൂരിലെ പ്രശ്‌നങ്ങൾ പ്രത്യേകം പഠിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കി. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ സി.പി.എം അക്രമസംഭവങ്ങൾക്ക് മുതിരാനിടയില്ല. ജയരാജൻ വിഷയം അണികൾ വൈകാരികമായി എടുക്കാതിരിക്കാൻ പാർട്ടി എല്ലാ മുൻകരുതലും സ്വീകരിക്കും. ഒന്നിലേറെ തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ കാര്യം ചൂണ്ടിക്കാട്ടി ജയിലിൽ ജയരാജന് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന കാര്യവും പാർട്ടി ആലോചിക്കുന്നു. അതേസമയം, സി.ബി.ഐയുടെയോ, കോടതി നിർദേശിക്കുന്ന മെഡിക്കൽ സംഘത്തെയോ വെച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചും സി.ബി.ഐ റിപ്പോർട്ട് തയാറാക്കാൻ സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ തിളക്കമാർന്ന വിജയത്തിന് ചുക്കാൻപിടിച്ച ജയരാജൻ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയിലിൽ കഴിയേണ്ടിവരുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നുറപ്പാണ്. എന്നാൽ, ജില്ലാ സെക്രട്ടറിയുടെ അറസ്റ്റ് തെരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കാനാണ് പാർട്ടി നീക്കം. ജയരാജനെ ഒന്നിനുപിറകെ മറ്റൊന്നായി കേസുകളിൽ കുടുക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാർട്ടി നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചു. ഗൂഢാലോചനയിൽ യു.ഡി.എഫിന് പങ്കുണ്ടെന്നും സി.പി.എം ആരോപിക്കുന്നു. ജയരാജനെ കുടുക്കാൻ ആർ.എസ്.എസ് നേതാക്കൾ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാക്ക് അയച്ച കത്ത് പുറത്തായതും അവർ ഉപയോഗപ്പെടുത്തിയേക്കും. ഈ സന്ദേശമുയർത്തി ജില്ലയിലുടനീളം വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും.

Top