കൊച്ചി: ഹൈക്കോടതി ജഡ്ജി വി. ഷെർസിയുടെ കാറിന് പുറത്ത് കരി ഓയിൽ ഒഴിച്ചു. ജസ്ന തിരോധാനത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചെന്ന് മൊഴി. ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായാണ് ഒരു ജഡ്ജിയുടെ വാഹനത്തിന് നേരെ ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ പ്രതിയായ എരുമേലി സ്വദേശി രഘുനാഥൻ നായരെ ഹൈക്കോടതി സുരക്ഷ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി.ഹൈക്കോടതിയുടെ പ്രവേശന കവാടത്തില്‍ പ്ലക്കാര്‍ഡുമായി നിന്നാണ് ഇയാള്‍ പ്രതിഷേധം നടത്തിയിരുന്നത്. രാവിലെ ജഡ്ജിയുടെ കാര്‍ കടന്നു പോയപ്പോള്‍ ഇയാള്‍ അപ്രതീക്ഷിതമായി കരി ഓയില്‍ ഒഴിക്കുകയായിരുന്നു.
ജസ്‌നയുടെ തിരോധാനം നടന്നിട്ട് ഇത്ര നാള്‍ കഴിഞ്ഞിട്ടും ഇതുവരെ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല എന്ന് ആരോപിച്ചാണ് രഘുനാഥ് പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ രഘുനാഥിനെ പൊലീസ് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു സംഘടന നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ജസ്റ്റിസ് വിനോദ് ചന്ദ്രനും എം ആർ അനിതയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് പിൻവലിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഈ ബഞ്ചിൽ ജസ്റ്റിസ് വി ഷിർസി ഉൾപ്പെട്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരെ കരുതിക്കൂട്ടി നടന്ന ആക്രമണം അല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഡി സി പി ഐശ്വര്യ ഡോങ്റെ അടക്കമുള്ളവർ ഹൈക്കോടതിയിലെത്തി ജസ്റ്റിസില്‍ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
2018 മാർച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി.
പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എരുമേലി വരെ ജെസ്ന പോയതായി സി സി ടി വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡി ജി പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പത്തനംതിട്ട പൊലീസ് മേധാവിയായ കെ ജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നിർണായക വിവരങ്ങൾ കിട്ടിയതായും വാർത്ത വന്നു. ജസ്ന ജീവനോടെയുണ്ടെന്നും വാർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ ഡിസംബർ 31ന് കെ ജി സൈമൺ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു.