ജസ്‌നയ്ക്ക് മറ്റൊരു ഫോണ്‍; 10 ദിവസത്തിനകം കേസ് തീരും; വിവരങ്ങള്‍ ഇങ്ങനെ…

ജസ്‌ന മരിയ തിരോധാന കേസില്‍ വഴിത്തിരിവ്. വിദ്യാര്‍ഥിനിക്ക് മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചു. വീട്ടുകാരും സുഹൃത്തുക്കളും അറിയാതെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ ജസ്‌നയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ് അന്വേഷണത്തില്‍ തെളിയുന്നത്. കേസ് അധികം വൈകാതെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. നിര്‍ണായക വിവരങ്ങളാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പോലീസിന് തുണയായത്. കേസില്‍ ഉന്നയിക്കപ്പെട്ട എല്ലാ ആരോപങ്ങള്‍ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തി. അപ്പോഴാണ് സംശയകരമായ ഒരു നമ്പര്‍ തെളിഞ്ഞത്. വിവരങ്ങള്‍ ഇങ്ങനെ….

സാധാരണ പഴയ മോഡല്‍ ഫോണ്‍ ആണ് ജസ്‌ന ഉപയോഗിച്ചിരുന്നത്. ഇത് വീട്ടില്‍ വച്ചാണ് വിദ്യാര്‍ഥിനി ഇറങ്ങിപ്പോയത്. എന്നാല്‍ മറ്റൊരു ഫോണ്‍ ജസ്‌ന ആരുമറിയാതെ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സ്മാര്‍ട്ട് ഫോണ്‍ ആണെന്നും പോലീസ് സംശയിക്കുന്നു. എന്നാല്‍ ജസ്‌നയ്ക്ക് ഒരു ഫോണ്‍ മാത്രമേയുള്ളൂവെന്നാണ് വീട്ടുകാര്‍ പറയുന്നത്. പിന്നീടാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. അവര്‍ പ്രദേശത്തെ ഒട്ടേറെ ടവറുകള്‍ക്ക് കീഴിലുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും അരിച്ചുപെറുക്കി. ജസ്‌നയെ കാണാതായത് മാര്‍ച്ച് 22നാണ്. അതിന് ആറ് മാസം മുമ്പ് മുതലുള്ള ഫോണ്‍വിളികളാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്. മുക്കൂട്ടുത്തറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, കുട്ടിക്കാനം, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലെ ടവറുകള്‍ പരിശോധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്‌ന സഞ്ചരിച്ചിരുന്ന വഴികളിലുള്ള ടവറുകളാണ് പ്രധാനമായും പരിശോധിച്ചത്. എല്ലാ മൊബൈല്‍ ടവറുകളില്‍ നിന്നും സിഗ്നലുകള്‍ ശേഖരിച്ചു. ആറ് മാസം മുമ്പുള്ളതായതിനാല്‍ ലക്ഷക്കണക്കിന് ഫോണ്‍ വിളികളും സന്ദേശങ്ങളുമാണ് പരിശോധിക്കേണ്ടി വന്നത്. ശബരിമല സീസണിലെ ഫോണ്‍വിളികളും പരിശോധിക്കേണ്ടി വന്നത് തലവേദനയായി.
സംശയകരമായ രീതിയില്‍ കണ്ട 6000 മൊബൈല്‍ സിഗ്നലുകളുടെ പട്ടിക തയ്യാറാക്കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട നമ്പറുകളിലെ വിളികള്‍ സൂക്ഷ്മമായി വീണ്ടും വീണ്ടും പരിശോധിക്കുന്നത് തുടരുകയാണ്. ഇതില്‍ ചില സംശയകരമായ വിളികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജസ്‌നയുടെയും അവളുമായി ബന്ധമുള്ളവരുടെയും നമ്പറുകള്‍ ഇതിലുണ്ട്.കൂടുതല്‍ സംശയമുള്ള 10 നമ്പറുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതില്‍ ജസ്‌നയുടേതല്ലാത്ത സംശയകരമായ ഒരു നമ്പറും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതാരുടേതാണെന്നാണ് പരിശോധിക്കുന്നത്. സ്മാര്‍ട്ട് ഫോണിലാണ് ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണം 10 ദിവസത്തിനകം തീരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എല്ലാവര്‍ക്കും അറിയുന്ന ജസ്‌നയുടെ സാധാരണ ഫോണില്‍ നിന്നുള്ള വിളികളും സന്ദേശങ്ങളും പരിശോധിച്ചപ്പോള്‍ മറ്റൊരു ഫോണ്‍കൂടി പെണ്‍കുട്ടി ഉപയോഗിച്ചിരുന്നുവെന്ന സംശയം പോലീസിനുണ്ടായിരുന്നു.10 ദിവസത്തിനകം കേസില്‍ അന്തിമ രൂപമായിട്ടില്ലെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ജസ്‌ന സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇതുവരെ പോലീസ് കരുതുന്നത്.

Top