കൊച്ചി:ജെസ്‌നയുടെ കേസ് അന്വോഷണത്തിൽ പോലീസ് ഗുരുതരമായ വീഴ്ച്ചവരുത്തി എന്ന പുതിയ വെളിപ്പെടുത്തൽ .കോട്ടയത്ത്നിന്നും കാണാതായ ജെസ്ന മരിയ ജെയിംസിനെ ചെന്നൈയിൽ കണ്ടതായി വെളിപ്പെടുത്തൽ ആണ് പൊലീസിന് വീഴ്ച്ച വന്നതിനു തെളിവ് .ജെസ്‌നയെ കാണാതായി മൂന്നാം ദിവസം ജെസ്ന ചെന്നൈയിൽ എത്തിയിരുന്നതായാണ് ചിലർ വെളിപ്പെടുത്തിയിരിക്കുന്നത്. ജെസ്നയെ കണ്ടതായി പോലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നും ഇവർ പറയുന്നു. മനോരമ ന്യൂസാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈ അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽ നിന്ന് ജെസ്ന ഫോൺ ചെയ്തെന്ന് കടയുടമയും സമീപവാസിയായ മലയാളിയും വെളിപ്പെടുത്തിയെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് 26നായിരുന്നു സംഭവം. വഴി ചോദിച്ച് കടയിലെത്തിയ യുവതി ഫോൺ ചെയ്ത ശേഷം തിരികെ പോയെന്നാണ് ഇവർ പറയുന്നത്. കടയിൽ സാധനം വാങ്ങാനെത്തിയ മലയാളിയായ അലക്സിയാണ് ജെസ്നയെ തിരിച്ചറിഞ്ഞത്.
മാർച്ച് 26ന് രാത്രി 7.45നും എട്ടിനും ഇടയിൽ ജെസ്നയെ കടയിൽ കണ്ടെന്നാണ് അലക്സിയുടെ വെളിപ്പെടുത്തൽ. ‘ഞാൻ കടയിൽ എത്തുമ്പോൾ പെൺകുട്ടി ഫോൺ ചെയ്ത ശേഷം റിസീവർ താഴെ വയ്ക്കുകയായിരുന്നു. ശേഷം ഞാൻ സാധനങ്ങൾ വാങ്ങി തിരിച്ചുപോയി. കടയിൽ വന്ന പെൺകുട്ടി കമ്മൽ ധരിച്ചിരുന്നില്ല, കണ്ണട വച്ചിരുന്നു. കമ്മൽ ഇടാത്തതിനാൽ പെൺകുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേദിവസം രാവിലെ വാർത്ത കണ്ടപ്പോഴാണ് ജെസ്നയുടെ സംഭവം ശ്രദ്ധയിൽപ്പെട്ടത്’- അലക്സി പറഞ്ഞു.
ജെസ്നയെ കാണാതായ വാർത്ത കണ്ടതോടെ കടയിലെത്തി കടക്കാരനും ചിത്രം കാണിച്ചുകൊടുത്തു. ഇയാളും പെൺകുട്ടിയെ തിരിച്ചറിഞ്ഞു. ഒരു മൊബൈൽ ഫോൺ പോലും എടുക്കാതെ ഒരു പെൺകുട്ടിയെന്ന് ഓർത്തപ്പോഴാണ് തലേദിവസം കടയിൽ കണ്ട പെൺകുട്ടിയെ ഓർമ്മ വന്നതെന്നും, മാർച്ച് 27ന് ഇതുസംബന്ധിച്ച് എരുമേലി പോലീസിൽ വിവരം നൽകിയെന്നും അലക്സി വ്യക്തമാക്കി.
താനും കടക്കാരനും പെൺകുട്ടിയെ തിരിച്ചറിഞ്ഞെന്നാണ് പോലീസിനെ അറിയിച്ചത്. ഇതിനുപിന്നാലെ താനും സുഹൃത്തുക്കളും ചേർന്ന് അയനാപുരം ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ലെന്നും അലക്സി പറഞ്ഞു. പെരിയാർ നഗർ അഞ്ചാം സ്ട്രീറ്റിലേക്കാണ് പെൺകുട്ടി വഴി ചോദിച്ചതെന്നാണ് കടക്കാരൻ പറഞ്ഞത്. അതേസമയം, മാർച്ച് 27ന് തന്നെ വിവരം നൽകിയിട്ടുണ്ടെങ്കിൽ പോലീസ് അന്വേഷണം നടത്താതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം.
എന്നാൽ അലക്സിയുടെ വാദങ്ങൾ തെറ്റാണെന്നാണ് പോലീസിന്റെ വിശദീകരണം. മാർച്ച് 27ന് അലക്സി വിവരം നൽകിയിട്ടില്ലെന്നും, പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷമാണ് വിവരം നൽകിയതെന്നുമാണ് പോലീസ് പറയുന്നത്. മനോരമ ന്യൂസ് ചാനലാണ് ചെന്നൈയിലെ കടക്കാരന്റെയും അലക്സിയുടെയും വെളിപ്പെടുത്തലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ജെസ്നയെ കണ്ടെത്താനുള്ള പ്രത്യക പോലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളിൽ പോലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നു.
ജെസ്നയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചതോടെ ദിനംപ്രതി ഒട്ടേറെ ഫോൺകോളുകളാണ് പോലീസിന് ലഭിക്കുന്നത്. നേരത്തെ ജെസ്നയെയും ഒരു യുവാവിനെയും ബെംഗളൂരുവിൽ കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ പോലീസ് സംഘം ബെംഗളൂരുവും മൈസൂരുവും അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും ലഭിച്ചില്ല. അതിനിടെ തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയപ്പോഴും ജെസ്നയാണോ എന്ന് പോലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ പോലീസ് സംഘവും ബന്ധുക്കളും നേരിട്ടെത്തി പരിശോധിച്ചപ്പോൾ മൃതദേഹം ജെസ്നയുടേതല്ലെന്ന് ബോദ്ധ്യമായി. മൃതതദഹേം പൊക്കിഷ മേരി എന്ന തമിഴ് യുവതിയുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.