ബാംഗ്ലൂരിൽ കണ്ടത് ജെസ്നയെ തന്നെയോ‍?അന്വേഷണത്തിൽ പുരോഗതിയില്ലാതെ പോലീസ്

കൊച്ചി: ജസ് നയുടെ നിരോധാനം അന്വേഷണം ഒരു തുമ്പും കിട്ടാതെ പോലീസ് കുഴങ്ങുന്നു.  കാണാതായ ജെസ്ന മരിയ ജെയിംസിനെ ബംഗളൂരുവിൽ കണ്ടതായ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പെരുനാട് സിഐ എം.ഐ.ഷാജിയുടെ നേതൃത്വത്തിൽ ബംഗളൂരുവിലും തിരുവല്ല എസ്ഐ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ മൈസൂരുവിലും തിരച്ചിൽ തുടരുകയാണ്.

ഷാഡോ പോലീസും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ജെസ്ന ബംഗളൂരുവിൽ എത്തിയതായി ഇതുവരെ ഒരു സൂചനയും കേരള പോലീസിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തിരുവല്ല ഡിവൈഎസ്പി ആർ.ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ ജെസ്നയെ ബംഗളൂരുവിലെ ധർമരാമിൽ കണ്ടതായ മൊഴിയുടെ വിശ്വാസ്യത തേടി ഇന്നും പോലീസ് അന്വേഷണം തുടരുകയാണ്. അതോടൊപ്പം ഇത്തരം പ്രചാരണത്തിന്‍റെ പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യവും പരിശോധിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനു നിർദേശം നൽകി.

ജെസ്നയെ ബംഗളൂരുവിൽ കണ്ടെന്ന മൊഴിയിൽ പാലാ, പൂവരണി സ്വദേശി ഉറച്ചു നിൽക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. എഎസ്ഐ നാസർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മാത്യു, റെജി എന്നിവരാണ് ബംഗളൂരുവിലെ സംഘത്തിലുള്ളത്.

ബംഗളൂരുവിലെ ധർമരാമിനു സമീപമുള്ള ആശ്വാസഭവനിൽ ജെസ്ന എത്തിയിരുന്നതായാണ് അവിടെയുള്ളവർ പറയുന്നത്. പൂവരണി സ്വദേശി ജെസ്നയുമായി സംസാരിച്ചതായും ഒപ്പം തൃശൂർ സ്വദേശിയായ യുവാവുണ്ടായിരുന്നുവെന്നുമാണ് മൊഴി. എന്നാൽ ആശ്വാസഭവനിലെയോ തൊട്ടടുത്ത നിംഹാൻസ് ആശുപത്രിയിലെയോ സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് ജെസ്നയുടെയോ ഒപ്പമുള്ളതായി പറയുന്ന യുവാവിന്‍റെയോ ഒരു ദൃശ്യവും പോലീസിനു കണ്ടെത്താനായില്ല.

സിസിടിവി ദൃശ്യങ്ങൾ മുഴുവൻ ഒന്നുകൂടി പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പൂവരണി സ്വദേശിയുടെ മൊഴി പൂർണമായും തള്ളാതെ മൈസൂരുവിലും വിശദമായ അന്വേഷണത്തിലാണ് പോലീസ്. മുടി നീട്ടിവളർത്തിയ ഒരു യുവാവ് ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് പൂവരണി സ്വദേശി നൽകുന്ന വിവരം. സംസാരിച്ചപ്പോൾ തൃശൂർ സ്വദേശിയാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ജെസ്നയുടെ മാതൃഗൃഹം തൃശൂർ ഒല്ലൂരിലായതിനാാൽ ഇതിനു സമീപമുള്ളയാളാണെന്നും പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് തിരുവല്ല എസ്ഐയും സംഘവും ബുധനാഴ്ച ഒല്ലൂരിൽ എത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു യുവാവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

ജെസ്നയുടെയും യുവാവിന്‍റെയും കഥകളും ഇവർ സഞ്ചരിച്ചതായി പറയുന്ന വില കൂടിയ ബൈക്കിനെക്കുറിച്ചും ഇവരുടെ കൈവശമുണ്ടായിരുന്ന പണം നഷ്ടമായതും തുടർന്ന് അപകടത്തിൽ പരിക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചതിനു പിന്നിലെ കാരണം അറിയാനും ബംഗളൂരുവിൽ തങ്ങുന്ന പോലീസ് ശ്രമിക്കുന്നുണ്ട്.

പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുമായാണ് പൂവരണി സ്വദേശി ആദ്യം വിവരങ്ങൾ പങ്കുവച്ചത്. എംപി ആവശ്യപ്പെട്ടതനുസരിച്ചാണ് പോലീസ് ബംഗളൂരുവിലേക്കെത്തിയത്. എംപിയുമായുള്ള സംഭാഷണത്തിന്‍റെ വീഡിയോ ദൃശ്യം പോലീസ് പരിശോധിച്ചു. ജെസ്നയുടെ ചിത്രത്തിൽ ധരിച്ചിരുന്ന സ്കാർഫ് പോലും തിരിച്ചറിഞ്ഞാണ് പൂവരണി സ്വദേശി സംസാരിച്ചത്. എന്നാൽ ജെസ്ന ധരിച്ചുവെന്ന് പറയുന്ന സ്കാർഫ് കൊല്ലമുളയിലെ വീട്ടിലുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളജ് ബികോം വിദ്യാർഥിനിയുമായ ജെസ്ന കഴിഞ്ഞ മാർച്ച് 22-നാണ് വീട്ടിൽ നിന്നും പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല. എരുമേലി ബസ് സ്റ്റാൻഡ് വരെ കുട്ടി എത്തിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ പിന്നീട് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണോ എടിഎം കാർഡോ എടുക്കാതെയാണ് പോയത്. അതിനാൽ ആ രീതിക്കുന്ന അന്വേഷണവും വഴിമുട്ടി.

Top