ജെസ്‌നയ്‌ക്കൊപ്പമുള്ളയാള്‍ തലമുടി നീട്ടിവളര്‍ത്തിയ യുവാവ്; വന്നത് ഫോര്‍ രജിസ്‌ട്രേഷന്‍ ആഡംബര ബൈക്കില്‍; ആകെ വിറ്റുപോയ നൂറു ബൈക്കുകളില്‍ ഒന്നാണ് തന്റെ കൈയിലുള്ളതെന്ന് യുവാവ്…

ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ യുവതി മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌ന മരിയ ജയിംസ് (20)തന്നെയെന്നു ദൃക്‌സാക്ഷി. ബംഗളൂരു ധര്‍മാരാമിനു സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 11.30ന് ഒരു യുവാവിനൊപ്പമെത്തിയ യുവതിക്ക് ജെസ്‌നയുമായി ഏറെ സാമ്യമുണ്ടെന്ന് അവിടെ സേവനം ചെയ്യുന്ന പാലാ സ്വദേശി ഗണപതിപ്ലാക്കല്‍ ജോര്‍ജ് മലയാളത്തിലെ ഒരു പത്രത്തോട്  പറഞ്ഞതായി വാര്‍ത്ത പുറത്തുവരുന്നു.

മുടി നീട്ടിവളര്‍ത്തി അതു കെട്ടിവച്ച് അല്പം ദീക്ഷയുള്ള 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പം അത്യാഡംബര ബൈക്കിലാണ് ഇരുവരും എത്തിയത്. ബംഗളൂരുവില്‍ വിവിധ ആശുപത്രികളിലും മറ്റും സൗജന്യമായി ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സേവനവിഭാഗമായ ആശ്വാസിലാണ് ജോര്‍ജ്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് താനെത്തിയതെന്നും ഇപ്പോള്‍ വരുന്നത് ആശുപത്രിയില്‍നിന്നാണെന്നും യുവതി വെളിപ്പെടുത്തി.

ഒരാഴ്ച മുമ്പ് ബൈക്ക് യാത്രയ്ക്കിടയില്‍ അപകടം സംഭവിച്ചെന്നും ഏതാനും ദിവസം ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികിത്സയിലായിരുന്നെന്നും ഇവര്‍ പറഞ്ഞു. ഉണങ്ങിയ മുറിവിന്റെ പാടും തലയിലെ പൊടിയും ഇവര്‍ ബാത്ത് റൂമില്‍ കയറി കഴുകുകയും ചെയ്തു. വിശദമായി ചോദിച്ചപ്പോള്‍ മണിമല സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞു. മണിമലയിലെ തന്റെ ബന്ധുക്കളുടെ പേരും വീട്ടുപേരും ജോര്‍ജ് പറഞ്ഞപ്പോള്‍ താന്‍ മുക്കൂട്ടുതറ സ്വദേശിയാണെന്നും പേര് ജെസ്‌ന മരിയ എന്നാണെന്നും വെളിപ്പെടുത്തി.

വിവാഹിതരാകാനുള്ള താത്പര്യത്തിലാണ് വന്നതെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ സ്ഥാപനത്തിന് ഇക്കാര്യത്തില്‍ ചില തടസങ്ങളുള്ളതായി ആശ്വാസുമായി ബന്ധപ്പെട്ട ഒരു വൈദികന്‍ പറഞ്ഞതായാണ് സൂചന. ഈ സ്ഥാപനത്തില്‍ താമസിക്കാന്‍ മുറി വാടകയ്ക്ക് കിട്ടുമോയെന്നും ഇവര്‍ തിരക്കിയിരുന്നു. ചെങ്കോട്ടവഴി ബൈക്കിലാണ് ബംഗളൂരുവിലെത്തിയതെന്നും കഴിഞ്ഞയാഴ്ച അപകടത്തില്‍ പണം നഷ്ടപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു.

യുവാവ് ഓടിച്ചുവന്ന ബൈക്ക് ഏറെ വിലയുള്ളതും ഫോര്‍ രജിസ്‌ട്രേഷന്‍ നോട്ടീസ് ഒട്ടിച്ചതുമാണ്. ഇത്തരത്തിലുള്ള 100 ബൈക്കുകള്‍ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളുവെന്നും 90-ാമത്തെ ബൈക്കാണ് ഇതെന്നും യുവാവ് പറഞ്ഞു. യുവാവ് മുണ്ടക്കയം സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞെങ്കിലും തൃശൂര്‍ ജില്ലയിലെ സംസാരരീതിയാണ് കേള്‍ക്കാനായതെന്നും ജോര്‍ജ് വ്യക്തമാക്കി. കൈവശം വലിയൊരു ബാഗും ഇവര്‍ക്കുണ്ടായിരുന്നു. ഷാള്‍കൊണ്ട് തലമറച്ച യുവതിയുടെ പല്ല് സ്റ്റീല്‍ ഫ്രെയിമില്‍ കെട്ടിയിരുന്നതായും ജോര്‍ജ് ശ്രദ്ധിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം മുക്കൂട്ടുതറയില്‍ നിന്നും ബന്ധുക്കള്‍ അയച്ചുനല്കിയ ഫോട്ടോയുമായി യുവതിക്കു നല്ല സാദൃശ്യമുണ്ടെന്നു ജോര്‍ജും അവിടെയുള്ള പാചകക്കാരും വ്യക്തമാക്കി. ബംഗളൂരുവില്‍നിന്നു മൈസൂരിലേക്കു പോകുന്നതായി പറഞ്ഞ് ഒന്നരയോടെ ബൈക്കില്‍ ഇവര്‍ പുറപ്പെടുകയും ചെയ്തു.

Top