ജനുവരി 16, 17, 18 തിയതികളും ജെസ്‌നയുടെ തിരോധാനവുമായി എന്താണു ബന്ധം? അപ്രത്യക്ഷയായതിനു പിന്നില്‍ ദൃശ്യം മോഡല്‍?

ജെസ്‌നയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തി. മുണ്ടക്കയത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു പരിശോധന. ‘ദൃശ്യം’ മോഡല്‍ സാധ്യതയാണു പോലീസ് പരിശോധിക്കുന്നത്. പരിശാധനയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ജനുവരി 16, 17, 18 ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ക്ക് ജെസ്‌നയെ കാണാതാകുന്നതിനോട് ബന്ധമുണ്ടോയെന്ന കാര്യത്തിലും പോലീസ് വ്യക്തത തേടുന്നതായി സൂചനയുണ്ട്.

ജെസ്‌നയുടെ ആണ്‍സുഹൃത്ത് പൂര്‍ണമായും മനസു തുറക്കാത്തതും ജെസ്‌നയുടെ ബന്ധുക്കള്‍ ഇയാളെക്കുറിച്ച് യാതൊരു ആരോപണവും ഉന്നയിക്കാത്തതും ചില സംശയങ്ങള്‍ പോലീസിന് മുന്നില്‍ തുറന്നിടുന്നുണ്ട്. അതേസമയം, സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പോലീസ് തെരച്ചില്‍ വിപുലീകരിച്ചിട്ടുണ്ട്. ജെസ്‌നയുടെ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, വിവരശേഖരണപ്പെട്ടികളില്‍നിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും സൈബര്‍ സെല്‍ പരിശോധിക്കുന്നത്. ജെസ്‌ന സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരാനാണു പോലീസ് തീരുമാനം. ജെസ്‌ന മൊബൈല്‍ സന്ദേശമയച്ച ആണ്‍സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തതില്‍ സംശയിക്കത്തക്ക വിവരങ്ങളുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും നിലപാട്.

ആവശ്യമെങ്കില്‍ നുണപരിശോധനയ്ക്കു ഹാജരാകാമെന്ന് ഇയാള്‍ ജെസ്‌നയുടെ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിരുന്നു. ജെസ്‌നയുടെ ഫോണില്‍ ആണ്‍സുഹൃത്തിനു മാത്രമായി 1,000 കോളുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ‘ഐ ആം ഗോയിംഗ് ടു ഡൈ’ എന്ന് അവസാനം ജെസ്‌ന സന്ദേശം അയച്ചിരിക്കുന്നതും ഇയാള്‍ക്കാണ്. ജെസ്‌നയുടെ സഹപാഠിയായ ആണ്‍സുഹൃത്തിനെ സംശയിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ബന്ധുക്കളും സ്വീകരിച്ചിരുന്ന നിലപാട്.

പെണ്‍കുട്ടിയുമായി സുഹൃദ്ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇതന്വേഷിച്ച പോലീസ് സംഘവും നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, വിവരശേഖരണത്തിനായി സ്ഥാപിച്ചിരുന്ന 12 പെട്ടികളില്‍നിന്നു ലഭിച്ച കത്തുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഫോണ്‍കോളുകള്‍ അടക്കം വീണ്ടും സൈബര്‍ സെല്‍ പരിശോധനയ്ക്കു വിധേയമാക്കുന്നത്. വിവരശേഖരണപെട്ടികളില്‍നിന്നു ലഭിച്ച അഞ്ചു കത്തുകളാണ് നിര്‍ണായകമായി പോലീസ് മാറ്റിയിരിക്കുന്നത്. കാണാതായെന്ന പരാതി ലഭിച്ച ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്നു രക്തക്കറയുളള ജെസ്‌നയുടെ വസ്ത്രം കണ്ടെത്തിയിരുന്നു. ഇതിലും സംശയിക്കാനായി ഒന്നുമില്ലെന്നു തെളിഞ്ഞതാണെന്നു പോലീസ് പറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ജെസ്‌നയ്ക്കായി നടത്തിയ തെരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു.

മൂന്നു മാസമായി നടത്തിയ തെരച്ചിലില്‍ ജെസ്‌നയെപ്പറ്റി ഒരു വിവരവും ലഭിക്കാത്തതിനാല്‍ അന്വേഷണ സംഘത്തെ തിരിച്ചുവിളിച്ചു. ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ ഇനി അവലോകനംചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ ജെസ്‌നയുടെ പോസ്റ്ററുകള്‍ പതിക്കുകയും ദുരൂഹസാഹചര്യങ്ങളില്‍ പെണ്‍കുട്ടിയെ കണ്ടാല്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു ഡിജിപിമാര്‍ക്കു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

Top