ജസ്ന തിരോധാന കേസ് വഴി മുട്ടി നില്‍ക്കെ, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവല്ല ഡിവൈ.എസ്.പി വിരമിക്കുന്നു. ഈ മാസം 31നാണ് ഡിവൈ.എസ്.പി ആര്‍. ചന്ദ്രശേഖരപിള്ള വിരമിക്കുന്നത്. വിരമിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ജസ്നയിലേക്കെത്താനുള്ള തുമ്പൊന്നും ലഭിച്ചില്ലെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണു കോടതിയുടെ വിലയിരുത്തല്‍. അതിനിടെ, ജസ്നയുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരു മെട്രോയില്‍ കണ്ടതായി സൂചനകളുണ്ട്. ശനിയാഴ്ച വൈകീട്ടാണ് ജസ്‌നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോ ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പൊലീസില്‍ വിവരം അറിയിച്ചത്.
അന്വേഷണ സംഘത്തിന്റെ ഭാഗമായ ഷാഡോ പൊലീസ് ബംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ മെട്രോയില്‍ നിന്നും ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ജസ്ന ജീവിച്ചിരിക്കുന്നുവെന്നും കേരളത്തിന് പുറത്താണുള്ളതെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്ന.