ജസ്ന കേസില്‍ വന്‍ ട്വിസ്റ്റ്; ജസ്ന ബെംഗളൂരു മെട്രോയില്‍

ജസ്നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ കുറച്ചു കോളുകള്‍ കുടകില്‍ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കുടകിലേക്ക് അന്വേഷണ സംഘം തിരിച്ചത്. കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്പേട്ട എന്നീ പ്രദേശങ്ങളിലാണ് പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തിയത്. ഇവിടെയുള്ള നിരവധി വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഈ മേഖലയില്‍ നിന്നാണ് ജസ്‌നയുടെ മൊബൈല്‍ പിന്തുടര്‍ന്ന പോലീസിന് സംശയകരമായ ചില സൂചനകള്‍ ലഭിച്ചത്.  ജെസ്നയുടെ കുടുംബം കുടകില്‍ നിന്നാണ് മുക്കൂട്ടുതറയില്‍ എത്തി താമസമാക്കിയത്. ജസ്നയെ കാണാതാകുന്നതിന് മുന്‍പ് നടത്തിയ ഫോണ്‍ കോളുകളാണ് അന്വേഷണ സംഘത്തെ കുടകില്‍ എത്തിച്ചത്. അതേസമയം ആരാണ് ജസ്നയെ അവിടെ നിന്ന് വിളിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് കഴിഞ്ഞിട്ടില്ല.

ഇതിനിടെ ജസ്നയെ ബെംഗളൂരുവില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. ബെംഗളൂരുവിലെ മെട്രോയില്‍ നിന്ന് ജസ്നയെ പോലുള്ള പെണ്‍കുട്ടി ഇറങ്ങി പോയതായാണ് വിവരം ലഭിച്ചത്. ഇതോടെ അന്വേഷണ സംഘം കുടകില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചു. ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കര്‍ണാടകത്തിലെ ചിലയിടങ്ങളില്‍ കണ്ടെതായി തിരുവല്ല ഡിവൈഎസ്പിക്ക് നേരത്തേയും സന്ദേശം ലഭിച്ചിരുന്നു.

ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നും ജസ്നയെ പോലൊരു പെണ്‍കുട്ടി ഇറങ്ങി വരുന്നത് കണ്ടു എന്നാണ് പോലീസിന് വിവരം ലഭിച്ചത്. കുട്ടിയെ കണ്ടെന്ന് പറഞ്ഞ ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചുരിദാറും കണ്ണടയും ധരിച്ച് മെട്രോയില്‍ നിന്ന് ജസ്നയെന്ന് സംശയിക്കുന്ന കുട്ടി ഇറങ്ങി പോകുന്നതാണ് സിസിടിവിയില്‍ ഉള്ളത്. നേരത്തേ ജസ്ന ബെംഗളൂരുവില്‍ ഉള്ളതായി പോലീസ് സംശയിച്ചിരുന്നു. നേരത്തേ ജസ്നയെ ബെംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശി പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ പോലീസിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം അന്വേഷണത്തില്‍ മുണ്ടക്കയത്ത് നിന്നുള്ള ചില സംശയകരമായ വിളികള്‍ ജസ്നയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ കോളുകളുമായി ബന്ധപ്പെട്ട് നാല് പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.

Top