ജെസ്‌നയുടെ തിരോധാനം: അന്വേഷണത്തിന് ഐ.ജി മനോജ് എബ്രാഹമിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം, വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി

ജെസ്‌നയുടെ തിരോധാനം: അന്വേഷണത്തിന് ഐ.ജി മനോജ് എബ്രാഹമിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം, വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി

തിരുവനന്തപുരം: പത്തനംതിട്ട റാന്നിയില്‍ നിന്നു കാണാതായ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ജെസ്‌ന മറിയം ജെയിംസിനെ കാണാതായ സംഭവത്തില്‍ ഐ.ജി മനോജ് എബ്രാഹമിന്റെ മേല്‍നോട്ടത്തില്‍ പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്‍ ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരപിള്ള ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ്ങ് ഓഫീസറുമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 21 മുതലാണ് കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേയ്ക്ക് എന്നു പറഞ്ഞിറങ്ങിയ ജെസ്‌നയെ എരുമേലിയില്‍ നിന്നും കാണാതാകുകയായിരുന്നു. സംഭവത്തില്‍ വെച്ചുച്ചിറ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കേരളത്തിന് അകത്തും പുറത്തും പത്ര പരസ്യം ഉള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് 2018 മേയ് മൂന്നിന് തിരുവല്ല ഡിവൈ എസ് പി അന്വേഷണ ഉദ്യോഗസ്ഥനായി സൈബര്‍ വിദഗ്ധരേയും വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരേയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം പത്തനംതിട്ട എസ് പി രൂപവത്കരിക്കുകയും ജെസ്‌നയെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണസംഘമാണ് ഇപ്പോള്‍ വിപുലീകരിച്ചത്.ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തുമെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.

ജസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, തിരുവല്ല, പത്തനംതിട്ട. കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്പരിലോ [email protected] എന്ന ഇമെയിലിലോ നല്‍കണമെന്ന് പത്തനംതിട്ട എസ്. പി. അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു

Top