തിരുവനന്തപുരം: വന്‍ ദുരന്തത്തില്‍ നിന്ന് ദോഹയില്‍നിന്നെത്തിയ ജെറ്റ് എയര്‍വേയ്‌സ് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് വ്യോമയാന മന്ത്രാലയവും വെളിപ്പെടുത്തി. പക്ഷെ വിമാനത്തില്‍ വേണ്ടത്ര ഇന്ധനം നിറയ്ക്കാതെ യാത്ര പുറപ്പെട്ടതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. 142 യാത്രക്കാരുടെ ജീവന്‍ സാഹസീകമായി രക്ഷിച്ച പൈലറ്റിനെ സോഷ്യല്‍ മീഡിയ നായകനാക്കിയെങ്കിലും പൈലറ്റിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വിഴ്ച്ച സംഭവിച്ചുവെന്നാണ് വ്യോമയാന മന്ത്രാലയം ചൂണ്ടികാട്ടുന്നത്. വിമാനത്തിലെ എണ്ണയെ കുറിച്ച് പരിശോധിക്കേണ്ട ഉത്തരവാദിത്വം പൈലറ്റിനായിരുന്നു,
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. അതിനിടെ ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തര ലാന്‍ഡിന്‍ഡിംഗിനിടെ വിമാനം പൊട്ടിത്തെറിക്കുമെന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ നൂറു ശതമാനം ഉറപ്പാക്കിയിരുന്നു. അതിന് അനുസരിച്ചുള്ള മുന്‍കരുതലും എടുത്തു. എന്നാല്‍ ഭാഗ്യം തുണച്ചപ്പോള്‍ 142 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടു. ഇതെങ്ങനെ സാധിച്ചെന്ന് പറയാന്‍ ആര്‍ക്കും കഴിയുന്നുമില്ല
വ്യോമയാന നിര്‍ദേശങ്ങള്‍ അവഗണിച്ചു കഴിഞ്ഞദിവസം പൈലറ്റുമാര്‍ തിരുവനന്തപുരത്തേക്കു വിമാനം തിരിച്ചുവിട്ടപ്പോള്‍ തലസ്ഥാന വിമാനത്താവളം കാത്തിരുന്നതു വന്‍ ദുരന്തം നേരിടാനുള്ള തയ്യാറെടുപ്പോടെയാണെന്നാണ് വ്യക്തമാകുന്നത്. ഇന്ധനം തീരുന്നതിനു തൊട്ടടുത്തെത്തിയ അവസ്ഥയില്‍, 142 യാത്രക്കാരുമായി വിമാനം ലാന്‍ഡിങ്ങിനു ശ്രമിച്ചപ്പോഴായിരുന്നു ഇത്. തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയില്‍ റണ്‍വേ ശരിയായി കാണാത്ത നിലയായിരുന്നു. മറ്റെങ്ങോട്ടും പറക്കാനുള്ള ഇന്ധനം വിമാനത്തില്‍ ബാക്കിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിന് ഉത്തരവാദി ജെറ്റ് എയര്‍വേയ്‌സ് ആണെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ 18നു ദോഹയില്‍നിന്നു കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനമാണു പ്രതികൂല കാലാവസ്ഥ കാരണം കൊച്ചിയില്‍ ഇറങ്ങാനാകാതെ തിരുവനന്തപുരത്തെത്തിയത്. വിമാനം തകരാന്‍ വരെ സാധ്യതയുള്ള അത്യന്തം അപായസൂചന നല്‍കുന്ന സന്ദേശം (മെയ്ഡേ) വിമാനത്തിന്റെ പൈലറ്റ് നല്‍കിക്കഴിഞ്ഞിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സുകള്‍ തയാറാക്കി നിര്‍ത്തുകയും അഗ്‌നിശമനസേനയ്ക്കു വിവരം കൈമാറുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തു രണ്ടുതവണ ലാന്‍ഡിങ്ങിനു ശ്രമിച്ചു പരാജയപ്പെട്ടശേഷം മൂന്നാം തവണയാണു വിമാനം ഇടിച്ചിറക്കിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് വിമാനം തകരാത്തത്.
ദോഹയില്‍ നിന്നു കൊച്ചിയിലേക്കെത്തിയ വിമാനം പ്രതികൂല കാലാവസ്ഥ മൂലം ലാന്‍ഡിങ്ങിനുള്ള കാഴ്ച ലഭിക്കാത്ത സാഹചര്യത്തിലാണു പൈലറ്റുമാര്‍ തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടത്. ഇവിടേയും പ്രതികൂല കാലാവസ്ഥയായിരുന്നു. ഇതോടെ ബെംഗളൂരുവിലേക്ക് തിരിച്ചുവിടാന്‍ നിര്‍ദ്ദേശം എത്തി. ഈ സാഹചര്യത്തിലാണ് റിസ്‌ക് എടുക്കാന്‍ പൈലറ്റ് തയ്യാറായത്. പൈലറ്റുമാരുടെ നടപടി വന്‍ പിഴവാണെന്നു വ്യോമയാന മന്ത്രാലയം കണ്ടെത്തി. രണ്ടു പൈലറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പൈലറ്റുമാര്‍ക്കും വിമാനക്കമ്പനിക്കും എതിരെ അന്വേഷണമുണ്ടാവും. വിമാനത്തില്‍ കൃത്യം ഇന്ധനവുമായെത്തിയതാണ് പ്രശ്‌നകാരണം. അതിന് പിന്നില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ കച്ചവടക്കണ്ണ് ആണെന്നാണ് ആരോപണം.
കൊച്ചിയില്‍ നിന്ന് വിമാനം തിരിച്ചുവിടുമ്പോള്‍ ഇന്ധനം തീരുന്നകാര്യം പൈലറ്റുമാര്‍ അറിയിച്ചില്ല. വേണ്ടത്ര ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും പൈലറ്റുമാരാണ്. യാത്ര തുടങ്ങുന്നതിന് മുമ്പ് അതുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പൈലറ്റുമാരും പ്രതിക്കൂട്ടിലാകുന്നത്. അതിനിടെ ദുരന്തം ഒഴിവാക്കിയത് മലയാളി പൈലറ്റായ മനോജ് രാമവാര്യരുടെ മനക്കരുത്ത് മാത്രമാണ്. എന്നാല്‍ പിഴവിന്റേ പേരില്‍ മലയാളി പൈലറ്റും സസ്‌പെന്‍ഷനിലായി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. കൊച്ചിയില്‍ കനത്ത മൂടല്‍മഞ്ഞായതിനാല്‍ വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തെത്തി ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇവിടെയും കനത്ത മൂടല്‍ മഞ്ഞായിരുന്നു. മാത്രമല്ല ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം തകരാറിലുമായിരുന്നു. തുടര്‍ന്ന് വിമാനമിറങ്ങാതെ വീണ്ടും പറന്നു. ഇങ്ങനെ മൂന്നുതവണ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ കഴിഞ്ഞില്ല. നാലാം തവണ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇന്ധനം തീര്‍ന്നുവരുന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു.
മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് ‘മെയ് ഡേയ്’ എന്ന അവസാന സന്ദേശവുമറിയിച്ചു. തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിമാനത്താവളത്തില്‍ അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇതോടെ അടിയന്തരഘട്ടത്തെ നേരിടാനായി വിമാനത്താവളത്തില്‍ അഗ്‌നിശമനസേന, ആംബുലന്‍സ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കി. വിമാനത്തിലുള്ള യാത്രക്കാരുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ വിമാനകമ്പനി അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്ന ഒരുവിമാനത്തില്‍ നിന്ന് ‘മെയ് ഡേ’ സന്ദേശം ലഭിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ സജ്ജീകരണങ്ങള്‍ക്കും പുറമേ മെഡിക്കല്‍ കോളേജ് അടക്കമുള്ള എട്ട് ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളും ആംബുലന്‍സും സജ്ജമാക്കിയിരുന്നു.