തിരുവനന്തപുരം: തട്ടിക്കൊണ്ടു പോയി ആറ് കഷ്ണങ്ങളാക്കി വെട്ടിയ സന്തോഷ് കുമാര്‍ വധക്കേസിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിച്ചു. രണ്ട് പ്രതികള്‍ക്ക് കോടതി തൂക്കുകയര്‍ വിധിച്ചു. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചു. ആറ്റുകാല്‍ സ്വദേശി അനില്‍ കുമാര്‍, അജിത് കുമാര്‍ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിരയാണ് കേസിന്റെ വിധി പുറപ്പെടുവിച്ചത്. പ്രാവ് ബിനു എന്ന ബിനു കുമാര്‍, സുര എന്ന സുരേഷ് കുമാര്‍, വിളവൂര്‍ക്കല്‍ നിവാസികളായ കൊച്ചു ഷാജി എന്ന ഷാജി, ബിജുക്കുട്ടന്‍ എന്ന ബിജു, മുട്ടത്തറ സ്വദേശിയായ കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2004 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ തട്ടിക്കൊണ്ടു പോയി ആറ് കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണക്കിടയില്‍ ജെറ്റ് സന്തോഷിന്റെ മാതാവ് അടക്കമുള്ള സാക്ഷികള്‍ കൂറുമാറിയെങ്കിലും സാഹചര്യ തെളിവുകളുടെയും മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.