പെരുമ്പാവൂര്‍: പുതിയ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ ജിഷ കൊലപാതകക്കേസ് പുതിയ വഴിത്തിരിവിലേക്ക്. ജിഷയുടെ ശരീരത്തില്‍ ലഹരിയുടെ അംശം ഉള്ളതായി രാസ പരിശോധനാ ഫലം വ്യക്തമാക്കുന്നു. ലഹരി നല്‍കിയാണ് ജിഷയെ പീഡിപ്പിച്ച് കൊന്നതെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കാക്കനാടാണ് ലാബിലാണ് രാസപരിശോധന നടത്തിയത്. ജിഷയ്ക്കു പരിചയമുള്ള ആരോ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയ ശേഷമാണു കൊല നടത്തിയതെന്ന നിഗമനത്തിലേക്കാണ് ഇതു പൊലീസിനെ നയിക്കുന്നത്.
ജിഷയുടെ അറിവോടെയാണോ കൊലയാളി ലഹരി നല്‍കിയതെന്ന ചോദ്യം പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ലഹരി നല്‍കിയതും കൊലനടത്തിയതും രണ്ടുപേരാകാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നു. ജിഷ അതുവരെ വിശ്വാസത്തിലെടുത്തിരുന്ന ആരോ ആണു കൊല നടത്തിയതെന്നതിന്റെ സൂചനയാണ് ജിഷ അവസാനമായി പറഞ്ഞ വാചകം. ജിഷയുടെ സഹപാഠികളുടെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു.
കൊല നടന്ന ഏപ്രില്‍ 28നു ജിഷയുടെ വീട്ടിലെത്താന്‍ സാധ്യതയുള്ള അടുപ്പക്കാരെയാണു പൊലീസ് തിരയുന്നത്. വീടിനുള്ളിലേക്കു ലഹരി പദാര്‍ഥം കൊണ്ടുവന്ന കവറുകളോ മദ്യക്കുപ്പികളോ പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. കൊലപാതകത്തിനു രണ്ടു ദിവസത്തിനു ശേഷം പട്ടിമറ്റത്തു കണ്ടതായി പറയപ്പെടുന്ന രക്തം പുരണ്ട കത്തിയും ജീന്‍സും കസ്റ്റഡിയില്‍ എടുക്കാതിരുന്ന കുന്നത്തുനാട് പൊലീസിന്റെ നടപടി വിമര്‍ശനത്തിനു വഴിയൊരുക്കിയിട്ടുണ്ട്.
പൊലീസിനു ലഭിച്ച ഫോണ്‍ സന്ദേശം അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുത്തില്ല. വിവരം ലഭിച്ചതിനു പിറ്റേന്നു പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും കത്തിയും ജീന്‍സും അടങ്ങിയ കവര്‍ കാണാതായി. കേസുമായി ബന്ധപ്പെട്ടു രണ്ടായിരത്തോളം പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തു. ഇതില്‍ സംശയത്തിന്റെ നിഴലിലായ 20 പേരുടെ ഡിഎന്‍എ പരിശോധന നടത്തി.