കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. പെരുമ്പാവൂര്‍ സ്വദേശിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ കെ.വി.നിഷയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പെരുമ്പാവൂരിലെ ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നെന്നും ഇതാണ് ജിഷ കൊല്ലപ്പെടാന്‍ കാരണമെന്നുമാണ് നിഷ പറയുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയാണ് നിഷ ഇക്കാര്യം അറിയിച്ചത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് പാറമടയിലേക്ക് വലിച്ചെറിയുന്നതിന് അവള്‍ ദൃക്‌സാക്ഷിയായിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരെ തെളിവ് ശേഖരിക്കുന്നതിനാണ് പെന്‍ക്യാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നു. ജിഷയുടെ അമ്മായിക്ക് ഇക്കാര്യത്തില്‍ പല സത്യങ്ങളും പറയാനുണ്ടെന്ന് നിഷ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും പോലീസ് കാര്യമായെടുത്തില്ലെന്നും നിഷ ആരോപിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ വ്യക്തമാക്കി. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം മാത്രമാണ് കുറ്റക്കാരന്‍ എന്ന് കരുതുന്നില്ല. ജിഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങളെല്ലാം അറിയാം. പണത്തിന് വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ്. കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും പൊലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നത് വരെ ആര്‍ക്ക് വേണമെങ്കിലും അവിടെ കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നുവെന്നും നിഷ ആരോപിച്ചു.