പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ എന്താണ് ശരിക്ക് സംഭവിച്ചത്. പ്രതിയെ പിടികൂടിയതോടെ സത്യങ്ങള്‍ പുറത്തുവരികയാണ്. പ്രതികാരമാണ് മരണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതി അമിയൂര്‍ ഉള്‍ ഇസ്‌ളാം ജിഷയുടെ വീട്ടില്‍ രാവിലെ വന്നിരുന്നു. മോശമായി പെരുമാറിയപ്പോള്‍ ജിഷ പ്രതിക്കു നേരെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചു.
എന്തിനാണ് ഇവര്‍ വളക്കിട്ടതെന്ന് വ്യക്തമല്ല. മടങ്ങിപ്പോയ പ്രതി വൈകിട്ട് തിരിച്ചുവരികയുണ്ടായി. മദ്യപിച്ചാണ് ഇയാള്‍ വിട്ടിലെത്തിയത്. വൈകുന്നേരം നാലു മണിയോടെ മദ്യപിച്ച് ജിഷയുടെ വീട്ടിലെത്തിയ പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കമ്പിപ്പാര അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതി കൊല നടത്തിയത്. ഈ ആയുധങ്ങള്‍ ഇനി കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി പ്രതിയെ സ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.
കൊലപാതകത്തില്‍ ഒന്നില്‍കൂടുതല്‍ പേര്‍ പ്രതിയായേക്കുമെന്നും സൂചനയുണ്ട്. പിടിയിലായ വ്യക്തിയുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനഫലം കൂടി പുറത്തുവന്ന ശേഷം സ്ഥിരീകരണം നടത്തിയാല്‍ മതിയെന്നാണ് പൊലീസ് കരുതുന്നത്. ഇതോടെ ഒന്നരമാസം നീണ്ട കേസ് ഫയല്‍ അവസാനിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ജിഷയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ചെരുപ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. ചെരുപ്പ് വിറ്റ കുറുപ്പംപടിയിലെ കടയുടമ നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു.
സിമെന്റ് പറ്റിപ്പിടിച്ച ഏഴ് ഇഞ്ചിന്റെ സ്ലിപ്പോണ്‍സ് ചെരുപ്പാണ് ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ചത്. തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുകൂടിയായതോടെ ചെരുപ്പിന്റെ ഉടമയാണ് കൊലയാളി എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അങ്ങനെയാണ് കുറുപ്പംപടിയിലെ ചെരുപ്പ് കടക്കാരനില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്.