ആലുവ: ജിഷയ്ക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. സുരക്ഷിതമല്ലെന്ന് മനസിലാക്കിയ ജിഷ തലയിണക്കടിയില്‍ എന്നും വാക്കത്തിവെച്ചാണ് ഉറങ്ങിയിരുന്നത്. ഇത്രയൊക്കെ കരുതിയിരുന്നിട്ടും ജിഷയ്ക്ക് എന്താണ് സംഭവിച്ചത്?
വട്ടോളിക്കനാല്‍ റോഡിനു സമീപത്തെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അമ്മയോടൊപ്പം കഴിയുന്നതു സുരക്ഷിതമല്ലാതെയാണെന്നു ജിഷ കരുതിയിരുന്നെന്നു വ്യക്തമാക്കുന്നതാണ് വാക്കത്തി കരുതിവച്ചുള്ള ഉറക്കത്തെക്കുറിച്ചുള്ള സൂചന. ജിഷയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന്റെ കിഴക്കുവശത്തു പാതി മടക്കിയ പുല്‍പായയ്ക്കുള്ളിലായിരുന്നു വാക്കത്തി ഉണ്ടായിരുന്നത്. നാല്‍പത്തെട്ടു സെന്റീമീറ്റര്‍ നീളമുള്ളതായിരുന്നു ഇത്.
പ്രധാന തെളിവായ ചെരുപ്പു കണ്ടെടുക്കാന്‍ വൈകിയത് ഗുരുതരമായ വീഴ്ചയാണെന്നും മഹസറില്‍ പറയുന്നു. സംഭവസ്ഥലത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പ് കോടതിയില്‍ ഹാജരാക്കിയതു രണ്ടുദിവസം വൈകിയാണ്. ജിഷ മരിച്ചതിനുശേഷം രക്തം പുരണ്ട സാധനങ്ങളുടെ വലിയൊരു പട്ടികയാണു പൊലീസ് മഹസറില്‍ പറയുന്നത്. ജിഷയുടെ ചോരക്കറ രണ്ടു മീറ്ററോളം ഉയരത്തില്‍ തെറിച്ചുവെന്നും പൊലിസ് മഹസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.