ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമല്ല..!! പ്രതിപ്പട്ടികയില്‍ നിന്ന് കൃഷ്ണദാസിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം

തൃശ്ശൂര്‍:  പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് സിബിഐ. രണ്ടുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം. പ്രതിപ്പട്ടികയില്‍ നിന്ന് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കിയിട്ടുണ്ട്.

2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചത് കണ്ടുപിടിച്ചതിന്‍റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു പ്രാഥമികനിഗമനം. പിന്നീട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയുള്ള ഇടിമുറിയെപ്പറ്റി പൊലീസിന് മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ ജിഷ്ണുവിന്‍റെ കണ്ണിലും മൂക്കിലും രക്തക്കറ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് നടത്തിയ പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പാളിന്‍റെ ഓഫീസ് മുറിയിലും രക്തക്കറ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വലിയ സമരമുണ്ടായതും സംഭവം വിവാദമായതും. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്,വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ്  സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തത്.

എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്, ജിഷ്ണുവിന്‍റേത് ആത്മഹത്യയാണെന്ന നിഗമനം രേഖപ്പെടുത്തിയിരിക്കുന്നത്.
കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസിസ്റ്റന്‍റ് പ്രൊഫസറുമായ സി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ അഞ്ചുപേരെയാണ് പ്രതികളായി കണ്ടെത്തിയിരുന്നത്.
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, എന്‍ ശക്തിവേല്‍,  പി പി പ്രവീണ്‍,  പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, പരീക്ഷാച്ചുമതലയിലുണ്ടായിരുന്ന അധ്യാപകന്‍ ബിപിന്‍ എന്നിവരാണ് അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കോപ്പിയടിച്ചെന്ന് ജിഷ്ണുവിനെക്കൊണ്ട് ബലമായി എഴുതി ഒപ്പിട്ടുവാങ്ങി. എന്‍ ശക്തിവേലും സി പി പ്രവീണുമാണ് ഇങ്ങനെ എഴുതി വാങ്ങിയത്. അതുകൊണ്ടാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍, കൃഷ്ണദാസിനും മറ്റുള്ളവര്‍ക്കുമെതിരെ തെളിവുകള്‍ ലഭിച്ചില്ല. സംഭവം നടക്കുമ്പോള്‍ കൃഷ്ണദാസ് കോളേജില്‍ ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ അവര്‍ക്കൊന്നുമെതിരെ കുറ്റം ചുമത്താനാവില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Top