കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ കേരളത്തിന്റെയാകെ നൊമ്പരമാണ്.തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് അട്ടിമറിക്കുന്നുവെന്നു ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിനെ അധ്യാപകരടക്കം മര്‍ദിച്ചു കൊലപ്പെടുത്തിയതായി ആരോപിച്ചു മുഖ്യമന്ത്രിക്കു മഹിജ വീണ്ടും പരാതി നല്‍കി.പഴയ എസ്എഫ്‌ഐക്കാരിയെന്ന പരിചയപ്പെടുത്തലോടെ എഴുതിയ കത്തില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഈ കമ്യൂണിസ്റ്റുകാരിയായ അമ്മ നടത്തുന്നത്. മുഖ്യമന്ത്രിക്ക് മൂന്ന് കത്തുകളയച്ചിട്ടും ഒരു മറുപടിപോലുമില്ലാത്തതിനാലാണ് താനിങ്ങനെ ഒരു തുറന്ന കത്തെഴുതുന്നതെന്ന മുഖവുരയോടെയാണ് കത്ത് തുടങ്ങുന്നത് തന്നെ. കേരളമാകെ ഏറ്റെടുത്ത ഒരു വിഷയത്തിലെ ഇരയുടെ അമ്മയുടെ അപേക്ഷയോടുള്ള ഈ നിഷേധത്തിന് കേരള മുഖ്യമന്ത്രിക്കെതിരെ രോഷം കത്തുമെന്നതില്‍ സംശയമില്ല.മരണം നടന്ന് 23 ദിവസമായിട്ടും ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി കുടുംബത്തെ അപമാനിച്ചതായും ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്തില്‍ വിമര്‍ശിക്കുന്നു
താനും കുടുംബത്തിലെ എല്ലാവരും പിണറായിയെ മുഖ്യമന്ത്രിയായി കാണുന്നതിന് ഏറെ കൊതിച്ചുവെന്നും മഹിത പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ജിഷ്ണു തങ്ങളേയും അയല്‍വാസികളേയും വിഷുക്കണി ഒരുക്കി കാണിച്ചത് പിണറായിയുടെയും, ഇ കെ വിജയന്‍ എം എല്‍ എയുടെയും ഫോട്ടോ ആയിരുന്നുവെന്നും മഹിത പറയുന്നു. ആ ജിഷ്ണു മരിച്ച് 23 ദിവസമായിട്ടും മുഖ്യമന്ത്രി ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും മഹിത പറയുന്നു. അടുത്ത് കണ്ണൂരിലും, കോഴിക്കോടും അങ്ങ് വന്നപ്പോള്‍ തങ്ങളുടെ സങ്കടം കേള്‍ക്കാനും നീതി ലഭ്യമാക്കാനും ഒരിക്കലെങ്കിലും ചാവുകിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാത്ത തന്നെ പിണറായി തേടി വരുമെന്ന് ആഗ്രഹിച്ച് പോയിയെന്നും മഹിജ പറയുന്നു.
കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ വൈകാതെ അങ്ങയുടെ പ്രതിഷേധം ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ച പിണറായി, ജിഷ്ണു മരിച്ച് 23 ദിവസമായിട്ടും ഫെയ്‌സ് ബുക്ക് പേജില്‍ പോലും ഒരു അനുശോചന കുറിപ്പ് രേഖപ്പെടുത്തിയില്ല എന്ന് അറിയുന്നതില്‍ സങ്കടമുണ്ടെന്നും മഹിത പറയുന്നു. ഫോണില്‍ പോലും പിണറായി വിജയന്‍ ഒന്ന് വിളിച്ചിട്ടില്ലെന്നും കമ്യൂണിസ്റ്റുകാരിയായ മഹിത പറയുന്നു. പിണറായി ജിഷ്ണുവിന്റെ ഫെയ്‌സ് ബുക്ക് പേജ് ഒന്ന് കാണണമെന്നുമുണ്ട് ഈ അമ്മയ്ക്ക് അഭ്യര്‍ത്ഥന. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു. അവസാനമായി അവന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയില്‍ കണ്ണിചേര്‍ന്ന് അനിയത്തിയുടെ കൈയ്യില്‍ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നുവെന്നും അമ്മ പറയുന്നു.
കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ മാറ്റി വെച്ചതിനെതിരെയുളള അനീതിക്കെതിരെ എസ് എഫ് ഐ നേതൃത്വത്തില്‍ നടന്ന സമരത്തെ പിന്തുണച്ച്, സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പ്രതിഷേധിച്ചതിലുളള വിദ്വേഷമാണ് ജിഷ്ണുവിനെ വകവരുത്താന്‍ മാനേജ്‌മെന്റ് നടത്തിയ ഗൂഡാലോചനയ്ക്ക് കാരണമെന്നും മഹിജ പറയുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പിണറായിയുടെ പോലീസ് തയ്യാറാവാത്തതിലുള്ള പ്രതിഷേധവും മഹിത രേഖപ്പെടുത്തുന്നു. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ അട്ടിമറിച്ച പോലീസുകാര്‍ക്കെതിരേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ധര്‍ ഉണ്ടായിട്ടും പോസ്റ്റ് മോര്‍ട്ടം വിദ്യാര്‍ഥിയെ കൊണ്ട് നടത്തിച്ച് കേസ്സ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉണ്ടാവാത്തതില്‍ വേദനയുണ്ടെന്നും ജിഷ്ണുവിന്റെ അമ്മ പറയുന്നു.
തന്റെ മകന്റെ മരണം മാത്രമല്ല മരണം കാത്ത് നില്‍ക്കുന്ന നിരവധി കുട്ടികളും അവരുടെ രക്ഷിതാക്കളും കോളേജിന്റെ കൊടും പീഢനത്തിന്റെ അനുഭവങ്ങള്‍ ചാനലുകളിലൂടെ വിളിച്ച് പറഞ്ഞിട്ടും പിണറായി അറിഞ്ഞില്ല എന്നതില്‍ അദ്ഭുതമുണ്ടെന്നും മഹിജ പറയുന്നു. നെഹ്‌റു കോളേജിനെതിരെയും അതിന്റെ ഉടമകളെ തുറന്നുകാണിക്കാനും പിണറായി ഒരക്ഷരം ഉരിയാടാകത്തതില്‍ സങ്കടമുണ്ടെന്നും ഈ അമ്മ പറയുന്നു.സമൂഹത്തിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിച്ച് ആര്‍ജവം കാണിച്ച ഒരു മുഖ്യമന്ത്രിയെ ലഭിച്ചതില്‍ അഭിമാനിക്കുന്ന തങ്ങളെ ഇനിയെങ്കിലും നിരാശപ്പെടുത്തരുതെന്ന് അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. തങ്ങളുടെ കുഞ്ഞിനും കേരളത്തിലെ വരും തലമുറക്കും വേണ്ടി പിണറായി ശബ്ദിക്കുമെന്നും തങ്ങളുടെ കണ്ണീരൊപ്പാന്‍ എത്തുമെന്നും പ്രതീക്ഷിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. വിപ്ലവാഭിവാദ്യങ്ങളോടെ പഴയ എസ്എഫ്‌ഐക്കാരിയായ മഹിജ എന്നാണ് കത്തില്‍ അവസാനം എഴുതിയിരിക്കുന്നത്. ഇന്നാണ് ടോംസ്-നെഹ്റു കോളേജുകളെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാനെങ്കിലും പിണറായി തയ്യാറായത്.
കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ നിരവധി ചോദ്യങ്ങളെയ്തുകൊണ്ടാണ് കമ്യൂണിസ്റ്റുകാരനായ ജിഷ്ണു പ്രണോയിയുടെ കമ്യൂണിസ്റ്റുകാരിയായ അമ്മ കത്തെഴുതിയിരിക്കുന്നത്. പിണറായിയെ അത്രമേല്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളാണ് ജിഷ്ണു. അതിനുമപ്പുറം, കേരളമാകെ ഏറ്റെടുത്ത ഒരു വിഷയത്തിന്റെ ഭാഗമാകാനുള്ള രാഷ്ട്രീയഉത്തരവാദിത്തം പോലും നിര്‍വഹിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നതെന്തിനെന്ന ചോദ്യം, പ്രബുദ്ധസമൂഹം വരുംദിവസങ്ങളിലും ശക്തമായിത്തന്നെ ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. പിണറായി വിജയനെന്ന രാഷ്ട്രീയനേതാവില്‍ നിന്ന് കേരളമിതല്ല പ്രതീക്ഷിക്കുന്നതെന്ന് തന്നെയാണ് ശക്തമായ വാക്കുകളിലൂടെ മഹിത പറഞ്ഞുവെക്കുന്നത്. ദിനംപ്രതി നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു വാക്കായിവരാനുള്ള യോഗ്യത പോലും ജിഷ്ണു പ്രണോയിക്ക് ഇല്ലെന്നാണോ തീര്‍പ്പുകല്‍പ്പിക്കലെന്ന് മുഖ്യമന്ത്രി മലയാളികളോട് പറയേണ്ടതുണ്ട്.
ജിഷ്ണുവിന്റെ ദേഹത്തെ മര്‍ദനപ്പാടുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതും പോസ്റ്റുമോര്‍ട്ടത്തിനു വിദഗ്ധ ഡോക്ടറെ വേണമെന്ന് ആവശ്യപ്പെട്ടിട്ടും പിജി ഡോക്ടറെ നിയോഗിച്ചതും കേസ് അട്ടിമറിക്കാനാണെന്നും മഹിജ ആരോപിക്കുന്നു. പരീക്ഷയുടെ തലേദിവസം ഫോണ്‍ വിളിച്ച ജിഷ്ണു, നന്നായി പഠിച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നെന്നും അതിനാല്‍ കോപ്പിയടിച്ചുവെന്നു വിശ്വസിക്കുന്നില്ലെന്നും കത്തില്‍ ഉറപ്പിച്ചു പറയുന്നു. കേസ് അട്ടിമറിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യമുണ്ട്.’പഴയ ഒരു എസ്എഫ്ഐക്കാരി മഹിജ’ എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ജിഷ്ണുവിന്റെ അമ്മ കത്ത് അവസാനിപ്പിക്കുന്നത്