
ഒരു കടുത്ത രജനി ഫാനായിരുന്നു അന്തരിച്ച സിനിമാ നടന്‍ ജിഷ്ണു രാഘവന്‍. മരിക്കുന്നതിനുമുന്‍പ് ജിഷ്ണു കബാലി കാണാന്‍ ആഗ്രഹിച്ചിരുന്നു. കബാലിയുടെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ വാ തോരാതെ രജനിയെക്കുറിച്ച് ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
രജനികാന്തിന്റെ കടുത്ത ആരാധകനാണു ഞാന്‍. രജനി സിനിമകള്‍ ഞാന്‍ ഒരിക്കലും ചെന്നൈയിലെ മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ പോയി കാണാറില്ല. തകര്‍പ്പന്‍ ഡയലോഗുകളും ആക്ഷനുമായി രജനികാന്ത് കടന്നുവരുമ്പോള്‍ ആര്‍പ്പുവിളിച്ചും ചാടിയും വരവേല്‍ക്കുന്ന ആരാധകന്‍. ചുറ്റുമുള്ള ലോകത്തെ കുറിച്ച് അപ്പോള്‍ താനെ മറന്നു പോകും. രജനിയെ പോലെ മറ്റാരുമില്ല. രജനികാന്തിന്റെ ശരീര ഭാഷ ഒന്നുമാത്രമാണ് പോസ്റ്ററിനെ ഇത്രയേറെ ആകര്‍ഷണീയമാക്കിയിരിക്കുന്നത്.
ഏവരെയും നൊമ്പരപ്പെടുത്തി കൊണ്ടാണ് മാര്‍ച്ച് മൂന്നിന് ജിഷ്ണു വിടവാങ്ങിയത്. എന്തിനെയും ശുഭാപ്തി വിശ്വാസത്തോടെ നേരിട്ടിരുന്ന ജിഷ്ണു മരണവേദന അനുഭവിക്കുമ്പോഴും ജീവിതപ്രശ്നങ്ങളെ എങ്ങനെയെല്ലാം നേരിടണമെന്ന് പറഞ്ഞുകൊണ്ടിരുന്നു.