തിരുവനന്തപുരം :ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ശരിയായ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത്. ഇത് നീതിയുടെ വിജയമാണ്, അതിനായി സഹായിച്ച കേരളത്തിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നു. സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് തോക്ക് സ്വാമിയുമായും കെ.എം ഷാജഹാനുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഷാജര്‍ഖാന്‍ വന്നതെന്നും അദ്ദേഹത്തേയും ഭാര്യയേയും മോചിപ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും ശ്രീജിത്ത് പറഞ്ഞു. എന്നാല്‍ ഷാജഹാന്‍ തങ്ങള്‍ ക്ഷണിച്ചിട്ടല്ല വന്നത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നും ഉണ്ടായിട്ടില്ല.
ഏപ്രില്‍ അഞ്ച് വരെ പോലീസിന്റെ നടപടികളില്‍ ജിഷ്ണുവിന്റെ കുടുംബം സംതൃപ്തി രേഖപ്പെടുത്തി. അഞ്ചാം തീയതിക്ക് ശേഷമുള്ള പോലീസിന്റെ നടപടികളിലാണ് പരാതിയുള്ളതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു.
10 കാര്യങ്ങളാണ് ഒത്തുതീര്‍പ്പ് ഉടമ്പടിയിലുള്ളത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരുമടിയും കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫോണ്‍ വിളി കൂടി എത്തിയതിന് പിന്നാലെ മഹിജ നിരാഹാരം അവസാനിപ്പിച്ച് വെള്ളം കുടിച്ചു.
തിരുവനന്തപുരത്ത് മഹിജ നിരാഹാരം അവസാനിപ്പിച്ചതിനു പിന്നാലെ ജിഷ്ണുവിന്റെ സഹോദരിയും നിരാഹാരം അവസാനിപ്പിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി സോമനും ജിഷ്ണുവിന്‍റെ കുടുംബവുമായി ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് ഉത്തുതീര്‍പ്പ് ഉണ്ടായത്. ചര്‍ച്ചകള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി മഹിജയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഡിജിപിയുടെ ഓഫീസിനു മുന്നില്‍ ഉണ്ടായ സംഭവങ്ങളില്‍ ഗൂഡാലോചന കുറ്റം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും ശ്രീജിത്ത് പറഞ്ഞു