ജിത്തുവിന്‍റെ അസ്ഥികളടക്കമുള്ള ശരീരഭാഗങ്ങള്‍ കത്തിച്ചതിന് ശേഷമാണ് അടര്‍ത്തി മാറ്റിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊല്ലത്ത് പതിനാലുകാരന്റെ മൃതദേഹം കത്തിച്ചതിന് ശേഷമാണ് അടര്‍ത്തി മാറ്റിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം വെട്ടിമുറിച്ചതല്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ അവസ്ഥയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കിയിട്ടുമുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുന്‍പു വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണു ജയമോള്‍ മൊഴിനല്‍കിയത്. ഇതു ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

അതേസമയം ജിത്തുവിന്റെ കൊലപാതകം ആസൂത്രിതമല്ലെന്ന് പൊലീസ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ജോബിനെ അമ്മ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. രണ്ടിടത്ത് വച്ചാണ് മൃതദേഹം കത്തിച്ചത്. വീടിന് പിന്നിലും സമീപത്തെ റബര്‍ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവര്‍ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലീസ് പറയുന്നു. അതേസമയം, വസ്തുത്തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ കരിഞ്ഞ നിലയില്‍ കണ്ടത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവാവിനു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു. തിങ്കള്‍ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ജോബ് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിയ്ക്കു പോയിരുന്നു. ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്‌നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോള്‍ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു. വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയ്യില്‍ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡിലേക്ക് പോയി തിരികെപ്പോയി. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top