തൃശൂരിലെ ഫ്‌ളാറ്റിലെ കൊലപാതകം വന്‍ ആസൂത്രണത്തിന് ശേഷം;പ്രധാന പ്രതി പൊലീസ് വലയിലെന്ന് സൂചന.

തൃശൂര്‍: തൃശൂരിലെ ഫ്‌ളാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ റഷീദ് പൊലീസ് വലയില്‍. കൊലപാതകത്തിന്റെ സൂത്രധാരനായ റഷീദിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതിയുമായുള്ള രഹസ്യബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഷൊര്‍ണൂര്‍ ലതനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

അയ്യന്തോളിലെ ഫ്‌ളാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച് ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രധാന പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വി.എ റഷീദിനെ പിടികൂടാന്‍ പൊലീസിനായിരുന്നില്ല. റഷീദിനെ രക്ഷിക്കാന്‍ പൊലീസിനുമേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളുടെ ഒളിസങ്കേതത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. റഷീദിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

സംഭവത്തില്‍ റഷീദിന്റെ കാമുകിയും ഗുരുവായൂര്‍ വല്ലശേരി സ്വദേശിനിയുമായ ശാശ്വതി(36)യെ ഇന്നലെ പിടികൂടിയിരുന്നു. താനാണ് സതീശിനെ കഠിനമായി മര്‍ദ്ദിച്ചതെന്ന് ശാശ്വതി മൊഴി നല്‍കിയിട്ടുണ്ട്. താന്‍ ബീയര്‍ കഴിച്ചിരുന്നെന്നും എന്നാല്‍ അതില്‍ മറ്റാരോ മദ്യം കലര്‍ത്തിയിരുന്നതിനാല്‍, അതിന്റെ ലഹരിയിലാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും യുവതി പറയുന്നു.

കേസുമായി ബന്ധപ്പെട്ട് യുവതിയുടെ മറ്റൊരു കാമുകനായ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍കൃഷ്ണപ്രസാദിനെ(32) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശാശ്വതി മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവര്‍ക്കു പരസ്പരം അറിയാമായിരുന്നു. യുവതിയുമായി കഴിഞ്ഞദിവസം മൂന്നു പേരും ഒന്നിച്ചാണ് അയ്യന്തോളിലെ ഫ്‌ളാറ്റിലെത്തിയത്. ഇവിടെവച്ച് മദ്യപിക്കുന്നതിനിടെ ശാശ്വതിയെച്ചൊല്ലി തര്‍ക്കമുണ്ടായി. റഷീദുമായി ശാശ്വതിക്ക് അടുത്തബന്ധമുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായത്.

കഴിഞ്ഞമാസം ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലില്‍ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തര്‍ക്കം തുടങ്ങിയത്. ഫല്‍റ്റില്‍ മൂന്നു ദിവസം കെട്ടിയിട്ടാണ് യുവാവിനെ മര്‍ദ്ദിച്ചത്. ബാത്ത്‌റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞിടിക്കുകയായിരുന്നു. ഞരമ്പുകള്‍ തകര്‍ന്ന് ചോര വാര്‍ന്ന് സതീശ് മരിച്ചത്. കൃഷ്ണപ്രസാദും റഷീദും സതീഷിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഫ്‌ളാറ്റില്‍ യുവതി മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് റഷീദും കൂട്ടുകാരും ഈ ഫ്‌ളാറ്റെടുത്തതെന്നാണ് സൂചന. വേറെയും യുവതികള്‍ ഇവിടെ വരാറുണ്ടെന്നും സൂചനയുണ്ട്. കൃഷ്ണപ്രസാദിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്. റഷീദിന്റെ പേരിലാണ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നത്.

Top