മേനകാ ഗാന്ധിയുടെ ഭീഷണി ഫലിച്ചു: നായ വേട്ടയില്‍ മാപ്പപേക്ഷിച്ചു ജോസ് മാവേലിയുടെ കത്ത്

 

ആലുവ: തെരുവുനായ്ക്കളെ കൊന്നൊടുക്കുമെന്നു പ്രഖ്യാപിച്ചു നായ വേട്ട തുടങ്ങിയ ആലുവ ജനക്ഷേമ ശിശുഭവന്‍ അധ്യക്ഷന്‍ ജോസ് മാവേലി ഒടുവില്‍ മാപ്പപേക്ഷിച്ചു തലയൂരുന്നു. നായയെ കൊലപ്പെടുത്തിയതില്‍ കേസില്‍ കുടുങ്ങിയ ജോസ് മാവേലി കേന്ദ്ര വനിതാ ശിശുക്ഷേ മന്ത്രി മേനകാ ഗാന്ധിയുടെ ഭീഷണിയില്‍ കുടുങ്ങിയാണ് ഇപ്പോള്‍ ജില്ലാ പൊലീസ് മേധാവി എസ്.യതീശ് ചന്ദ്രയ്ക്കു മാപ്പപേക്ഷ നല്‍കിയത്.
തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊല്ലണമെന്ന ഭീഷണി മുഴക്കിയാണ് ജോസ് മാവേലി നേരത്തെ വിവാദങ്ങളില്‍പ്പെട്ടിരുന്നത്. IMG-20151007-WA0058തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയതിനു ജോസ് മാവേലിക്കെതിരെ പൊലീസ് കേസുമെടുത്തിരുന്നു. ജോസ് മാവേലിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആലുവ ജനക്ഷേമ ശിശുഭവനു നേരെ കേന്ദ്രത്തിന്റെ കൈകള്‍ ഉയര്‍ന്നതോടെയാണ് വീണ്ടും വിവാദം ഉയര്‍ന്നിരിക്കുന്നത്.
തെരുവുനായ്ക്കളെ കൊലപ്പെടുത്തുന്ന രീതിയില്‍ നടത്തുന്ന പ്രചാരണത്തില്‍ നിന്നു പിന്‍തിരിഞ്ഞില്ലെങ്കില്‍ ജോസ് മാവേലിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ജനസേവാ ശിശുഭവനില്‍ റെയ്ഡ് നടത്തുമെന്നായിരുന്നു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി കേന്ദ്ര സര്‍ക്കാരില്‍ നിന്നു രേഖാ മൂലം ജോസ് മാവേലിയെ അറിയിച്ചത്. മൃഗങ്ങളെ ദ്രോഹിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ജോസ് മാവേലി മാപ്പപേക്ഷ എഴുതി നല്‍കിയിരിക്കുന്നത്.
സംഭവം വിവാദമായതോടെ കൂടുതല്‍ പ്രശ്‌നങ്ങളില്‍പ്പെട്ട് നാറേണ്ട സാഹചര്യം ഉണ്ടാക്കേണ്ടെന്നും ജോസ് മാവേലി വിലയിരുത്തി. മാപ്പപേക്ഷ എഴുതി നല്‍കിയതോടെ നിലവിലുള്ള കേസില്‍ നിന്നു ഇദ്ദേഹത്തെ മോചിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇതു സംബന്ധിച്ചു കത്തു നല്‍കിയത്.

Top