പിപി തങ്കച്ചനെതിരെ ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒളിവില്‍; അറസ്റ്റ് ചെയ്യാനുറച്ച് പോലീസ്

പെരുമ്പാവൂര്‍: ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ച പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒളിവിലെന്ന് സൂചന. ജിഷയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നതിനിടയിലാണ് ജോമോന്‍ മുങ്ങിയത്.

കഴിഞ്ഞ ദിവസം വരെ നാട്ടിലുണ്ടായിരുന്ന ജോമോന്‍ ഇന്നലെ മുതല്‍ ഒളിവിലാണെന്നാണ് പ്രചാരണം ശക്തിപ്പെട്ടിട്ടുള്ളത്. പൊലീസ് കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളും ഏറെക്കുറെ ഇതിന് സമാനമാണ്.
ജോമോന്‍ മുന്‍കൂര്‍ ജാമ്യത്തിനു നീക്കം നടത്തുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന. ഇത്തരത്തില്‍ നീക്കമുണ്ടെന്നു വ്യക്തമായാല്‍ കോടതി നിലപാടറിയിക്കും വരെ കാത്തിരിക്കാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം. പിതൃത്വത്തെ അപമാനിച്ചതായി ജിഷയുടെ പിതാവ് പാപ്പു നല്‍കിയ പരാതിയിലാണ് പൊലീസ് വിവരവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ കേസെടുത്തിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ ഐ ജി മഹിപാല്‍ യാദവിനാണ് പാപ്പു ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഐ ജിയുടെ നിര്‍ദ്ദേശാനുസരണം കുറുപ്പംപടി പൊലീസാണ് ജോമോനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.സി/എസ്.ടി. പീഡനനിരോധന നിയമപ്രകാരമുള്ള ഈ കേസ്സില്‍ അറസ്റ്റിലായാല്‍ ജോമോന്‍ ഇരുമ്പഴിക്കുള്ളിലാവുമെന്ന കാര്യം ഉറപ്പാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ചാര്‍ജ്ജ് ചെയ്തിട്ടുള്ള കേസില്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പെരുമ്പാവൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ജിഷയുടെ പിതാവെന്നും ഇയാളുമായുള്ള സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചിരുന്നു. ഇത്തരത്തില്‍ ഒരു പരാതി നല്‍കാന്‍ എസ്.സി/എസ്.ടി. നിയമപ്രകാരം ജോമോന് അവകാശമില്ലെന്നാണ് പാപ്പുവിന്റെ വാദം. ജിഷ തന്റെ മകള്‍ തന്നെയാണെന്നും ഈ സ്ഥിതിയില്‍ ജോമോന്റെ പരാതിയിലെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നുമാണ് പാപ്പുവിന്റെ പരാതിയിലെ ആരോപണം.
പാപ്പുവിന്റെ പരാതിയില്‍ പറയുന്ന വസ്തുതകള്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

പെരുമ്പാവൂര്‍ ഡിവൈ എസ് പിയായിരുന്ന അനില്‍കുമാറിനായിരുന്നു ഇതു സംബന്ധിച്ചുള്ള അന്വേഷണ ചുമതല. ജിഷകേസന്വേഷണസംഘത്തെ മാറ്റിയ കൂട്ടത്തില്‍ അനില്‍കുമാറിനും സ്ഥാനചലനമുണ്ടായി. അറസ്റ്റിനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് അനില്‍കുമാര്‍ സ്ഥലംമാറ്റപ്പെട്ടത്. ഇതേ തുടര്‍ന്ന് മന്ദഗതിയിലായ നടപടികള്‍ കഴിഞ്ഞ ദിവസം പുതിയ ഡിവൈ എസ് പി ചാര്‍ജ്ജെടുത്തതോടെയാണ് വീണ്ടും ഊര്‍ജ്ജിതമായത്.

Top