തിരുവനന്തപുരം: കേരള നിയമസഭയില്‍ കേരള കോണ്‍ഗ്രസിന്റെ നേതാവ് പി.ജെ. ജോസഫ് തന്നെയെന്ന് വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത്. ജോസഫ് വിഭാഗമാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ചട്ടപ്രകാരമാണ് പി.ജെ. ജോസഫിനെ തിരഞ്ഞടുത്തതെന്നും, ജോസ് പക്ഷത്തിന്റെ കത്ത് സ്പീക്കര്‍ തള്ളണമെന്നും മോന്‍സ് കെ. ജോസഫ് പറഞ്ഞു. ജോസഫിനെതിരെ ജോസ് .കെ. മാണി വിഭാഗം നല്‍കിയ കത്ത് തള്ളി തങ്ങളുടെ കത്ത് സ്വീകരിക്കണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കേരളാ കോൺഗ്രസ് (എം) നിയമസഭാ കക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. സിഎഫ് തോമസാണ് ഡെപ്യൂട്ടി ലീഡർ. മോൻസ് ജോസഫ് വിപ്പും സെക്രട്ടറിയുമാണ്. അഞ്ചിൽ മൂന്ന് എംഎൽഎമാർ നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുത്തതായി പി ജെ ജോസഫ് പറഞ്ഞു.ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പുകൾ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് എംഎൽഎമാർ ചേർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറ്റ് രണ്ടുപേര്‍ക്കും നോട്ടീസ് നൽകിയിരുന്നു.
സമവായത്തിനുള്ള സാധ്യതകള്‍ തള്ളി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. പി.ജെ. ജോസഫിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി വിഭാഗം സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു.ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടി നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി നൽകിയ അപ്പീൽ കട്ടപ്പന സബ്കോടതി തള്ളി. ഇതോടെയാണ് ജോസഫിന്റെ നീക്കം.
ചെയർമാനായിരുന്ന കെ. എം മാണിയുടെ മരണത്തോടെ നിയമസഭ കക്ഷി യോഗം വിളിച്ച് ചേർക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനാണെന്നും കോടതിവിധി ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും ജോസഫ് വ്യക്തമാക്കി.കെ.എം. മാണിയുടെ മരണത്തിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തത്.