കോട്ടയത്തിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും വേണം!അധിക സീറ്റിനായി കേരള കോണ്‍ഗ്രസ് എം

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന് ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ്.കൂടുതല്‍ സീറ്റുകള്‍ എല്‍ ഡി എഫിനുള്ളില്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. നിലവില്‍ കോട്ടയം ലോക്‌സഭാ സീറ്റാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളത്. ഇതിന് പുറമെ ഇടുക്കി, പത്തനംതിട്ട സീറ്റുകള്‍ കൂടി എല്‍ ഡി എഫിനോട് ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം.

കേരളത്തില്‍ ആകെ 20 ലോക്‌സഭാ സീറ്റാണ് ഉള്ളത്. കഴിഞ്ഞ തവണ യു ഡി എഫില്‍ ആയിരുന്നു കേരള കോണ്‍ഗ്രസ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ വി എന്‍ വാസവനെ പരാജയപ്പെടുത്തിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടന്‍ വിജയിച്ചത്. വര്‍ഷങ്ങളായി സി പി എമ്മും ജനതാദളും മാറി മാറി മത്സരിക്കുന്ന കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ കേരള കോണ്‍ഗ്രസ് എം തന്നെയായിരിക്കും മത്സരിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പുറമെയാണ് പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങള്‍ കൂടി ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിക്കുന്നത്. പത്തനംതിട്ടയില്‍ വര്‍ഷങ്ങളായി യു ഡി എഫ് ആണ് വിജയിക്കുന്നത്. ആ സീറ്റ് തങ്ങള്‍ക്ക് തന്നാല്‍ യു ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ സാധിക്കും എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യം എല്‍ ഡി എഫിലും കേരള കോണ്‍ഗ്രസ് എം ഉന്നയിച്ചിട്ടുണ്ട് എന്നാണ് വിവരം.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് എം ആണ് എം എല്‍ എ സ്ഥാനത്തുള്ളത്. ഇതും കേരള കോണ്‍ഗ്രസ് എമ്മിന്റെ അവകാശവാദത്തിന് ആക്കം കൂട്ടുന്നുണ്ട്. അതിനാല്‍ തന്നെ പത്തനംതിട്ട സീറ്റിനായി ശക്തമായ അവകാശവാദം തന്നെ കേരള കോണ്‍ഗ്രസ് എം ഉന്നയിക്കാനാണ് സാധ്യത.

അതേസമയം ഇടുക്കി മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യമാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഊര്‍ജമാകുന്നത്. എന്നാല്‍ ഇത് മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്‍ബലം എന്നതാണ് ദൗര്‍ബല്യവും. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭ മണ്ഡലങ്ങളില്‍ എല്‍ ഡി എഫിലെ മറ്റ് കക്ഷികള്‍ക്കാണ് മുന്‍തൂക്കം. അതിനാല്‍ ഇടുക്കി സീറ്റില്‍ കാര്യമായ അവകാശവാദം കേരള കോണ്‍ഗ്രസ് ഉന്നയിച്ചേക്കില്ല.

Top