ദിലീപിനായി വാദിക്കാനിറങ്ങിയ സഖാവിന് എട്ടിന്റെ പണി !..സെബാസ്റ്റ്യൻ പോളിന്റെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍, ഇംഗ്ലീഷ് എഡിഷന്‍ പൂട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി സൂപ്പര്‍താരം ദിലീപിന് പിന്തുണയുമായി രംഗത്തിറങ്ങിയ ഇടത് മുന്‍ എംപിയും മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോളിന്റെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ കൂട്ട പുറത്താക്കല്‍. ദിലീപിന് വേണ്ടി പിന്തുണ ഉയരണമെന്ന ആവശ്യവുമായ സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവില്‍ എഴുതിയ എഡിറ്റോറിയറില്‍ പ്രതിഷേധിച്ച പതിനാറോളം വരുന്ന പ്രധാന ജേണലിസ്റ്റുകള്‍ നേരത്തെ രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനം കടുത്ത പ്രതിസന്ധിയിലായത്. നിലവില്‍ നല്‍കി വരുന്ന ശമ്പളം വെട്ടിക്കുറക്കുകയാണെന്നും അല്ലാത്ത പക്ഷം രാജി വയ്ക്കണമെന്നും കമ്പനി ഒരു വിഭാഗം ജീവനക്കാരോട് ആവശ്യപ്പെട്ടു. സൗത്ത് ലൈവ് ഇംഗ്ലീഷ് എഡിഷന്‍ പൂട്ടിയതിന് പിന്നാലെ അവശേഷിച്ചിരുന്ന സീനിയര്‍ സബ് എഡിറ്റര്‍ മേഘാ തോമസിനെ പിരിച്ചുവിട്ടു. ഗ്രാഫിക്‌സ് വിഭാഗത്തില്‍ ഉണ്ടായിരുന്ന അനൂപിനോടും രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം സൗത്ത് ലൈവ് മലയാളത്തില്‍ നിന്ന് ഇര്‍ഷാദ് എന്ന സബ് എഡിറ്ററെയും പിരിച്ചു വിട്ടിരുന്നു. കേരളത്തിലെ പൊതു നിലവാരത്തെക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് താന്‍ ചെയര്‍മാനായ സ്ഥാപനത്തില്‍ നല്‍കുന്നതെന്ന് ദിലീപ് വിവാദത്തിന് പിന്നാലെ സെബാസ്റ്റ്യന്‍ പോള്‍ മനോരമാ നേരേ ചൊവ്വയിലും ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിലും പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരോട് ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് അല്ലെങ്കില്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ പോളിന്റെ ഈ വാദവും പൊളിയുകയാണ്.

കുറഞ്ഞ വേതനത്തില്‍ ജോലിയില്‍ തുടരാനാകില്ലെന്ന് ചില ജേണലിസ്റ്റുകള്‍ ആവശ്യപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധിയുള്ള ചില പത്രങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവരാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഡോ. സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായ സൗത്ത് ലൈവിന്റെ പ്രധാന നിക്ഷേപകന്‍ അന്തരിച്ച സിപിഐഎം നേതാവ് ഇ ബാലാനന്ദന്റെ മകന്‍ സുനില്‍ ഇ ബാലാനന്ദനാണ്. പ്രധാന മാധ്യമ ഗ്രൂപ്പായ ക്വിന്റുമായ നിലനിന്നിരുന്ന കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് സൗത്ത് ലൈവിന്റെ ടെക്‌നോളജി പാര്‍ടണറായിരുന്നു ക്വിന്റ് ടൈപ്പ് സാങ്കേതിക സഹായം നിര്‍ത്തലാക്കിയിരുന്നു. ഇതും സ്ഥാപനത്തെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതിന് പിന്നാലെയാണ് ഇംഗ്ലീഷ് വെബ് സൈറ്റ് പൂട്ടിയത്.
സെബാസ്റ്റ്യന്‍ പോളിന്റെ തന്നെ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ പോള്‍ അക്കാദമിയുടെ പരസ്യമാണ് ഫ്രണ്ട് പേജിലെ പരസ്യമായി നിലനിര്‍ത്തിയിരിക്കുന്നത്. ഇടത് സഹയാത്രികനും മുതിര്‍ന്ന മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ പത്രാധിപരും ചെയര്‍മാനുമായ സൗത്ത് ലൈവില്‍ നടക്കുന്ന തൊഴില്‍ ചൂഷണത്തിനെതിരെ പിരിച്ചുവിട്ടവര്‍ ലേബര്‍ കമ്മീഷണറെ സമീപിക്കുമെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top