കേരളത്തിലെ നെല്‍ക്കര്‍ഷകരുടെ ദുരിതം മന്ത്രിമാര്‍ക്ക് മുന്നില്‍ വേദിയില്‍ അവതരിപ്പിച്ച ജയസൂര്യയെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നില്‍ക്കുന്ന കലാ-സാഹിത്യകാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
തിരുവോണസൂര്യന്‍
മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നില്‍ക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.
ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍!
കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. കര്‍ഷകന്‍ കൂടിയായ നടന്‍ കൃഷ്ണപ്രസാദിന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ പ്രതികരണം.
പിന്നാലെ കൃഷ്ണപ്രസാദിന് പണം കിട്ടിയെന്നും ജയസൂര്യയുടെ വാക്കുകളില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ആരോപിച്ച് കൃഷി മന്ത്രി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് പൈസ തരാന്‍ കാണിച്ച ആര്‍ജ്ജവം ഇനിയും പണം ലഭിക്കാത്ത കര്‍ഷകരുടെ കാര്യത്തില്‍ കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.