ന്യൂഡല്‍ഹി: ഓട്ടോയിലെത്തിയ കള്ളന്‍ ജഡ്ജിയുടെ വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററിയുമായി കടന്നു. ദക്ഷിണ ഡല്‍ഹിയിലെ സകേതില്‍ റിട്ട.ജില്ലാ ജഡ്ജി ആനന്ദ് സിങ് യാദവും മകനും അഡീണഷല്‍ ജില്ലാ ജഡ്ജിയുമായ ഗൗരവ് റാവുവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ഓട്ടോയിലെത്തിയ കള്ളന്‍ ബാറ്ററിയുമായി കടന്നതിന്റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. മൂന്ന് ദിവസമായി വൈദ്യുതിയില്ലാത്ത സമയത്തൊന്നും ഇവരുടെ വീട്ടില്‍ ഇന്‍വേര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്‍വേര്‍ട്ടര്‍ പരിശോധിച്ചപ്പോഴാണ് അതിനുള്ളിലുണ്ടായിരുന്ന മൂന്ന് ബാറ്ററികള്‍ കാണാതായ കാര്യം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ വീടിന്റെ മുന്നില്‍ ചുറ്റിപ്പറ്റി നടക്കുകയും കുറച്ച് സമയത്തിന് ശേഷം ഇയാള്‍ ഓട്ടോയില്‍ തിരിച്ചെത്തി ബാറ്ററികളുമായി കടന്ന് കളയുകയും ചെയ്തതായി കാണുകയായിരുന്നു. മാര്‍ച്ച് 10നാണ് മോഷണം നടന്നത്. മാര്‍ച്ച് 10ന് ഗൗരവ് റാവുവിന്റെ മകന്റെ പിറന്നാള്‍ ആഘോഷം വീട്ടില്‍ നടക്കുന്നതിനാല്‍ അതിഥികള്‍ക്കായി വീടിന്റെ ഗെയ്റ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ജഡ്ജിയുടെ വീട്ടില്‍ നിന്ന് കള്ളന്‍ ഇന്‍വര്‍ട്ടറിന്റെ ബാറ്ററിയുമായി കടന്നു
Tags: judge