ജഡ്ജിയുടെ കാര്‍ വാഹനത്തില്‍ ഉരസി: ചോദ്യം ചെയ്ത കുടുംബത്തിനെ വിവിധ സ്‌റ്റേഷനുകളില്‍ തടഞ്ഞ് വച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ജഡ്ജിയുടെ കാര്‍ തങ്ങളുടെ വാഹനത്തില്‍ ഉരസിയത് ചോദ്യം ചെയ്തതിന് കൈക്കുഞ്ഞുള്‍പ്പെടെയുള്ള ആറംഗ കുടുംബത്തിനെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി തടഞ്ഞു വച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നും മൂന്ന് ആഴ്ചകള്‍ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.

ഓവര്‍ടേക്ക് ചെയ്ത് പാഞ്ഞുപോയ ജഡ്ജിയുടെ കാര്‍ തങ്ങളുടെ കാറില്‍ ഉരസിയത് ചോദ്യം ചെയ്ത വടക്കാഞ്ചേരി സ്വദേശിക്കും കുടുംബത്തിനുമാണ് ഇന്നലെ രാത്രി കടുത്ത പീഡനം നേരിടേണ്ടി വന്നത്. കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങുന്ന ആറംഗ കുടുംബത്തെ ഇക്കാരണത്താല്‍ ഇന്നലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി തടഞ്ഞു വെച്ചത് ആറു മണിക്കൂറിലേറെ. ഒടുവില്‍ പെറ്റികേസ് പോലും ഇല്ലാതെ കുടുംബത്തെ വിട്ടയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെയാണ് വടക്കഞ്ചേരി സ്വദേശി നിഥിനും, രണ്ടുവയസുകാരി മകളും, വൃക്കരോഗിയായ അച്ഛനും അടങ്ങുന്ന ആറംഗ കുടുംബം എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ദേശീയപാതയില്‍ കൊരട്ടിക്ക് അടുത്തുവച്ച് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത കാര്‍, നിഥിനും കുടുംബവും യാത്ര ചെയ്ത കാറില്‍ ഉരസുകയും നിര്‍ത്താതെ പോകുകയും ആയിരുന്നു.

അടുത്ത സിഗ്‌നലില്‍ വച്ച്, കാര്‍ ഉരസിയിട്ട് നിര്‍ത്താതെ പോയതെന്തെന്ന നിഥിന്റെ ഒരു ചോദ്യമാണ് ആറ് മണിക്കൂറിലേറെ നേരം മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി ഇവരെ പിടിച്ചുവയ്ക്കാന്‍ ഇടയാക്കിയത്. കെ എല്‍ 07, ഇഒ 8485 എന്ന കാറില്‍ ജില്ലാ ജഡ്ജി എന്ന ബോര്‍ഡ് ഉണ്ടായിരുന്നു. തൃശൂര്‍, എറണാകുളം ജില്ലകളിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായാണ് വടക്കഞ്ചേരി സ്വദേശിയെയും ആറംഗ കുടുംബത്തെയും തടഞ്ഞുവച്ചത്. ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു തടഞ്ഞുവയ്ക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.

കുടുംബം സഞ്ചരിക്കുന്ന വാഹനം പെറ്റിക്കേസില്‍ പെട്ടാലും തടഞ്ഞുവയ്ക്കരുതെന്നും, ഡ്രൈവറുടെ നിയമലംഘനത്തിന് സ്ത്രീകളേയും കുട്ടികളേയും സ്റ്റേഷനില്‍ കൊണ്ടുപോകരുതെന്നും ഡിജിപിയുടെ നിര്‍ദ്ദേശം ഉള്ളപ്പോഴാണ് ഒരു കുടുംബത്തെ ആറ് മണിക്കൂറുകളോളം പൊലീസുകാര്‍ വലച്ചത്.

സംഭവം എല്ലാം നടക്കുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ ജഡ്ജിയും ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ തയ്യാറായില്ല. ഹൈവേ പൊലീസ് വന്നിട്ട് പ്രശ്നം പരിഹരിക്കാം എന്ന് താന്‍ പറഞ്ഞെങ്കിലും, നീ പൊലീസിനേയോ, പട്ടാളത്തേയോ വിളിക്ക് എന്ന് പറഞ്ഞ് ജഡ്ജിയുടെ ഡ്രൈവര്‍ കാറെടുത്ത് പോവുകയായിരുന്നുവെന്ന് നിധിന്‍ പറഞ്ഞു. എന്നാല്‍ പതിനൊന്നരയോടെ തോട്ടയ്ക്കാട്ടുകരയില്‍ വെച്ച് കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ആലുവ ട്രാഫിക് പൊലീസ് പിടികൂടി.

തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊലീസ് കുടുംൃംബാംഗങ്ങളേയും കൂട്ടി കാര്‍ ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്നും പന്ത്രണ്ടരയോടെ ചാലക്കുടി പൊലീസ് സ്റ്റേഷനിലേക്ക് കുടുംബത്തെ അയച്ചു. ഇവിടെ മണിക്കൂറുകളോളം നിന്നു കഴിഞ്ഞപ്പോള്‍ കൊരട്ടി സ്റ്റേഷനിലേക്ക് പോകുവാനായി അടുത്ത നിര്‍ദ്ദേശം. എന്നാല്‍ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചപ്പോള്‍ മൂന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ക്കും പറയാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ഒടുവില്‍ ആറ് മണിയോടെ ഒരു കേസും ചാര്‍ജ് ചെയ്യാതെയാണ് കുടുംബത്തെ പൊലീസ് സ്റ്റേനില്‍ നിന്ന് പറഞ്ഞു വിട്ടത്.

ഒരു തെറ്റും ചെയ്യാത പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങിയപ്പോള്‍ വൃക്കരോഗിയായ നിഥിന്റഎ പിതാവ് അവശനായി. വാഹനം ഇടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനാല്‍ ആണ് കാറും അതില്‍ ഉള്ളവരെയും പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും, വിളിച്ചു പറഞ്ഞത് ജഡ്ജി ആണെന്നും ഏത് ജഡ്ജി ആണെന്ന് അറിയില്ലെന്നമാണ് എറണാകുളം റൂറല്‍ എസ്പി നല്‍കുന്ന വിശദീകരണം. സംഭവത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം വ്യക്തമാക്കി.

Top