ബംഗളൂരു: കോടതിയിലെ വനിതാ ജീവനക്കാരെ അശ്ലീല വീഡിയോ കാണിച്ചെന്ന കേസില്‍ ജില്ലാ കോടതി ജഡ്ജിയെ പിരിച്ചുവിട്ടു. ബെലഗാവി ജില്ലാ ജഡ്ജിയായിരുന്ന എ.എന്‍. ഹക്കീമിനെയാണ് പിരിച്ചുവിട്ടത്. നാലുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോടതിയിലെ വനിതാ ജീവനക്കാരെ തന്റെ ഔദ്യോഗിക ലാപ്‌ടോപ്പിലുള്ള അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഹക്കിം നിര്‍ബന്ധിച്ചിരുന്നു. വിസമ്മതിക്കുന്നവരെ ജോലിയില്‍ കുറ്റം കണ്ടെത്തി നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്ത് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കത്തിലെ വിവരങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തെ നിയോഗിച്ചു. ഇതോടെ വിജിലന്‍സിന് മുന്നില്‍ ഒരു ജീവനക്കാരി നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തു. ഹക്കിമിന്റെ ലാപ്‌ടോപ്പ് പരിശോധിച്ച അന്വേഷണ സംഘം ഒട്ടേറെ അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു.