ഹൈകോടതിക്ക് മുന്നിലെ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം.നടപടിക്ക് വനിതാ കമ്മീഷനും

തിരുവനന്തപുരം: ഹൈകോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെയും തുടര്‍ന്നുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെയും കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തും. റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദിനെയാണ് അന്വേഷണ കമീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ജൂലൈ 20നാണ് ഹൈകോടതിയുടെ വടക്കേ ഗേറ്റിനുമുന്നില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1952ലെ കമീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമായിരിക്കും അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവ് കാരണം സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ളെന്ന് ഹൈകോടതി അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ട. ജസ്റ്റിസിനെ നിയമിക്കുന്നത്.

അതേസമയം വനിതാമാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദ്ദേശം നല്‍കുമെന്ന് കേരള വനിതാക്കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി. അവര്‍ക്കെതിരെ ഒരുകൂട്ടം അഭിഭാഷകര്‍ നല്‍കിയിരിക്കുന്ന പരാതി വ്യാജമെന്നു കണ്ടാല്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. തിരുവനന്തപുരം റസ്റ്റ്ഹൗസില്‍ കമ്മീഷന്റെ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്മീഷന്‍ കേസെടുക്കാന്‍ ആലോചിക്കുന്നതിനിടെ പത്രപ്രവര്‍ത്തകരുടെ പരാതി ലഭിച്ചു. സര്‍ക്കാരുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഗൗരവമായി ഇടപെടുന്ന സാഹചര്യത്തില്‍ മറ്റു നടപടികളിലേക്കു കടക്കുന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാന്‍ വിഭാവനം ചെയ്ത ജാഗ്രതാസമിതികള്‍ വ്യവസ്ഥാപിതമാക്കാന്‍ പഞ്ചായത്തീരാജ് നിയമം പാസാക്കാന്‍ ആവശ്യപ്പെടും. കമ്മീഷനില്‍ കൊല്ലത്തില്‍ 7000 നും 8000നും ഇടയില്‍ പരാതികള്‍ കിട്ടുന്നുണ്ട്. താണവരുമാനക്കാരാണ് പരാതിക്കാര്‍.

വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, അവരെ ഉപേക്ഷിക്കല്‍, അവരുടെ സ്വത്തു കൈവശപ്പെടുത്തല്‍ തുടങ്ങിയവ കൂടിവരുന്നതു കണക്കിലെടുത്ത് വയോജനസംരക്ഷണനിയമത്തെപ്പറ്റി വയോജനങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവത്കരിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് മാധ്യമങ്ങളോട് കമ്മീഷന്‍ അധ്യക്ഷ ആഹ്വാനം ചെയ്തു. അദാലത്തില്‍ പരിഗണിച്ച 103 പരാതികളില്‍ 38 എണ്ണം തീര്‍പ്പായി. പത്തെണ്ണം പോലീസ് റിപ്പോര്‍ട്ടിന് അയച്ചു. അഞ്ചെണ്ണം കൗണ്‍സലിങ്ങിന് വിട്ടു. അദാലത്ത് ഇന്നും തുടരും.

Top