കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ അമ്മയേയും മൂന്ന് വയസുള്ള മകളെയും കൊന്ന കാമുകനും യുവതിയും കുറ്റക്കാര്‍

തിരുവനന്തപുരം: ഭര്‍ത്താവിന്റെ അമ്മയേയും മുന്ന് വയസായ മകളെയും കൊന്ന കേസില്‍ കാമുകനും യുവതിയും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്ന കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നു കോടതി നിരീക്ഷിച്ചു. ഒന്നിച്ചു ജീവിക്കാനായി രണ്ടു ജീവനുകളെ നശിപ്പിച്ച ചെയ്തിയെ കോടതി നിശിതമായി വിമര്‍ശിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്നു പ്രതികളായ നിനോയും അനുശാന്തിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലംകോട് അവിക്‌സ് ജങ്ഷനുസമീപം തുഷാരം വീട്ടില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (60), ഇവരുടെ മകന്‍ കെഎസ്ഇബി എന്‍ജിനിയര്‍ ലിജീഷിന്റെ മകള്‍ സ്വാസ്തിക (മൂന്നര) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണു പ്രതികള്‍ കുറ്റക്കാരെന്നു തെളിഞ്ഞത്. ലിജീഷിന്റെ ഭാര്യയാണ് അനുശാന്തി. ഇവരുടെ കാമുകനാണു നിനോ. ഇരുവരും ടെക്‌നോപാര്‍ക്ക് ജീവനക്കാരാണ്.

2014 ഏപ്രില്‍ 16നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മോഷണം, ഗൂഢാലോചന, അശ്‌ളീലദൃശ്യങ്ങള്‍ കൈമാറല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്.

സംഭവദിവസം പകല്‍ ലിജീഷ് പുറത്തുപോയപ്പോള്‍ തന്ത്രപരമായി വീട്ടില്‍ കയറി ലിജീഷിന്റെ അമ്മയുടെ ഫോണില്‍നിന്ന് ലിജീഷിനെ കാണണമെന്നും താന്‍ കാത്തിരിക്കുകയാണെന്നും നിനോ മാത്യു പറഞ്ഞു. അടുക്കളയിലേക്കുപോയ ഓമനയെ ബേസ് ബോള്‍ സ്റ്റിക്കൊണ്ട് തലയ്ക്ക് അടിച്ച് തള്ളിയിട്ട് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്നു. ഇവരുടെ ഒക്കത്തിരുന്ന സ്വാസ്തികയെയും നിനോ മാത്യു അതേ രീതിയില്‍ അടിച്ച് തള്ളിയിട്ട് കഴുത്ത് വെട്ടിക്കൊന്നു. തുടര്‍ന്ന്, സ്വീകരണമുറിയില്‍ മുന്‍വശം വാതില്‍ അടച്ച് ലിജീഷിനായി കാത്തിരുന്നു. ചാരിയിരുന്ന കതക് തള്ളിത്തുറന്ന് ലിജീഷ് അകത്തേക്ക് കയറിയ സമയം മുളകുപൊടി മുഖത്തേക്ക് എറിഞ്ഞ് കഴുത്തു ലാക്കാക്കി ആഞ്ഞുവെട്ടിയെങ്കിലും ലിജീഷ് ഓടി മാറിയതിനാല്‍ തലയ്ക്ക് ഗുരുതരമായ പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.

ഓമനയുടെയും സ്വാസ്തികയുടെയും ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് പൊലീസിനെ വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. ലിജീഷിന്റെ ഭാര്യ അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള അവിഹിതബന്ധമാണ് ഇരട്ടക്കൊലയില്‍ കലാശിച്ചത്. ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി നിനോ മാത്യുവിനൊപ്പം അനുശാന്തിക്ക് ജീവിക്കാനാണ് ഇരുവരും തമ്മില്‍ ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണംചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ തമ്മിലുണ്ടായിരുന്ന ശാരീരികബന്ധം സെല്‍ഫിയായി ഒന്നാംപ്രതി സൂക്ഷിച്ചിരുന്നു.

നിനോ മാത്യുവിന്റെ വീട്ടില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ലൈംഗിക വേഴ്ചയുടെ നിരവധി ദൃശ്യങ്ങള്‍ അടങ്ങിയ ഫോട്ടോയും പൊലീസ് പിടിച്ചെടുത്തിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കി 90 ദിവസത്തിനുള്ളില്‍ത്തന്നെ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഹാജരാക്കി. ഈ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തിരുവനന്തപുരം ബാറിലെ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. വി എസ് വിനീത്കുമാറിനെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.

Top