ദലിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പ്രതിഷേധമാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്ജ്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷ മോള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പട്ട് നടത്തിയ ജസ്റ്റിസ് ഫോര്‍ ജിഷ മാര്‍ച്ചിന് നേരെ പോലീസ് ലാത്തി ചാര്‍ജ്.

‘ജസ്റ്റിസ് ഫോര്‍ ജിഷ’ എന്ന പേരിലെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന് നേരെയാണ് പോലീസ് അതിക്രമം. രാവിലെ പത്ത് മണിക്ക് പെരുമ്പാവൂര്‍ ബോയസ് സ്‌കൂളിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേരാണ് പങ്കെടുത്തത്. എംസി റോഡില്‍ പ്രവേശിച്ച പ്രതിഷേധക്കാരെ പോലീസ് തടയുകയായിരുന്നു. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയുടെ കൊലപാതകത്തിലെ അന്വേഷണം നീതിപൂര്‍വ്വം നടപ്പാക്കുക, സ്ത്രീയെ ശരീരം മാത്രമായി കാണുന്ന പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയെ തകര്‍ത്തെറിയുക, ഭരണകൂടത്തിന്റെ ജാതിവിവേചനം അവസാനിപ്പിക്കുക, ജിഷയുടെ കുടുംബം അനുഭവിച്ച സാമൂഹിക പീഡനം അന്വേഷിക്കുക തുടങ്ങിയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടന്നത്.

തെളിവുകള്‍ നശിപ്പിച്ച പോലീസിനെതിരെ നടപടിയെടുക്കണമെന്നും ജിഷയുടെ അമ്മ രാജേശ്വരി വധഭീഷണി അടക്കമുള്ള പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാതിരുന്ന റൂറല്‍ എസ്പിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധ മാര്‍ച്ച് നടത്തിയവര്‍ ആവശ്യപ്പെട്ടു.ജിഷയുടെ കൊലയാളികള്‍ പിടിക്കപ്പെടുന്നതോടെ അവസാനിപ്പിക്കേണ്ട സമരമല്ല ഇതെന്നും ഇത്തരം സമരങ്ങള്‍ പുരുഷാധിപത്യ വ്യവസ്ഥിതിക്കെതിരെ തുടരുമെന്നും സംഘാടകര്‍ അറിയിച്ചു.

ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മെയ് പത്തിന് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലിന് പിന്തുണ നല്‍കുന്നതായും സംഘാടകര്‍ അറിയിച്ചു.

Top