ബാലപീഡനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തില്ല;ആംഗ്ലിക്കല്‍ സഭാ തലവന്‍ ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി രാജി വെച്ചു.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന വിവാദത്തിന്റെ പേരില്‍ ആര്‍ച്ച്ബിഷപ്പിന്റെ രാജി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ അപൂര്‍വ സംഭവം.

ലണ്ടന്‍: ബാല പീഡന കേസുകളില്‍ നടപടിയെടുക്കാന്‍ പരാജയപ്പെട്ടതിനാൽ ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വില്‍ബി രാജിവച്ചു. ബാലപീഡനങ്ങള്‍ക്ക് എതികെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി. പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുന്‍ ചെയര്‍മാനുമായ ജോണ്‍സ്മിത്ത് ക്രിസ്മസ് അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന വിഷയത്തില്‍ സഭയ്ക്ക് വീഴ്ചയുണ്ടായെന്ന വിമര്‍ശനം വില്‍ബിക്ക് എതിരെ ഉയര്‍ന്നിരുന്നു.

1970കളുടെ അവസാനത്തിലും 80കളുടെ തുടക്കത്തിലുമാണ് സംഭവം. അതേസമയം സ്മിത്ത് കഴിഞ്ഞ വര്‍ഷം മരിച്ചു.ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ജോണ്‍ സ്മിത്ത് ആണ്‍കുട്ടികളെയും യുവാക്കളെയും ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംഘടിപ്പിച്ച ഒരു സമ്മര്‍ ക്യാമ്പിലെ ചൂഷണ പരമ്പരയുടെ പേരിലാണ് ഇപ്പോഴത്തെ രാജി.ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ എന്നിവിടങ്ങളിലായി 130ഓളം കുട്ടികളാണ് സ്മിത്തിന്റെ പീഡനത്തിന് ഇരയായതെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സഭയ്ക്കുള്ളിലടക്കം വില്‍ബി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണങ്ങളെ കുറിച്ച് ശരിയായ അന്വേഷണം നടത്തുന്നതില്‍ 68 കാരനായ ജസ്റ്റിന്‍ വെല്‍ബി പരാജയപ്പെട്ടതായാണ് കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് വന്നത്. ചാള്‍സ് രാജാവിന്റെ അനനുമതിയോടെയാണ് താന്‍ തീരുമാനമെടുത്തതെന്ന് ആര്‍ച്ച്ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ചൂഷണത്തിന് ഇരകളായവരുടെയും, അതിജീവിച്ചവരുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് താന്‍ പടിയിറങ്ങുന്നതെന്ന് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. കുടുതല്‍ സുരക്ഷിതമായ സഭയും മാറ്റത്തിന്റെ ആവശ്യവും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഈ തീരുമാനം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആംഗ്ലിക്കന്‍ സഭാ കൂട്ടായ്മയെ ഭിന്നിപ്പില്‍ നിന്ന് തടയാന്‍ ആര്‍ച്ച്ബിഷപ്പായുള്ള 11 വര്‍ഷത്തെ കാലയളവ് ജസ്റ്റിന്‍ വെല്‍ബി വിനിയോഗിച്ചു. സ്വവര്‍ഗ്ഗ വിഭാഗക്കാരുടെ അവകാശങ്ങള്‍, വനിതകളുടെ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ രണ്ടുതട്ടിലായി നില്‍ക്കുന്ന ലിബറലുകളുടെയും കണ്‍സര്‍വേറ്റീവുകളുടെയും ഇടയില്‍ സമവായം കണ്ടെത്താന്‍ അദ്ദേഹം വിഷമിച്ചിരുന്നു.

സ്വവര്‍ഗ്ഗ വിവാഹം മുതല്‍ ബ്രിട്ടന്റെ കുടിയേറ്റ നയവും, ഗസ്സയിലെ ഇസ്രയേല്‍ യുദ്ധവും അടക്കം വിവിധ വിഷയങ്ങളില്‍ തുറന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്ന പുരോഹിതന്‍ കൂടിയായിരുന്നു ആര്‍ച്ച്ബിഷപ്പ് വെല്‍ബി. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എതിരായതോടെയാണ് രാജി. 1980 കളിലെ സംഭവത്തിന്റെ പേരിലാണ് പടിയിറക്കം എന്ന പ്രത്യേകതയും ഉണ്ട്. ഒരു വിവാദത്തിന്റെ പേരില്‍ ഒരു ആര്‍ച്ച്ബിഷപ്പ് രാജി വയ്ക്കുന്നത് സഭാ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക സംസ്്കാര ചടങ്ങുകളിലും ചാള്‍സ് രാജാവിന്റെ സ്ഥാനാരോഹണത്തിലം കാര്‍മികത്വം വഹിച്ചത് ആര്‍ച്ച്ബിഷപ്പ് വെല്‍ബിയായിരുന്നു. ഹാരി രാജകുമാരനും അമേരിക്കന്‍ നടി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹ ചടങ്ങിലും അദ്ദേഹമാണ് കാര്‍മികത്വം വഹിച്ചത്.

Top