നിര്‍ഭയ കേസിലെ കുട്ടികുറ്റവാളി പണിയെടുക്കുന്നത് കേരളത്തിലോ; യുവാവിനെ തേടി മാധ്യമങ്ങള്‍

ഡല്‍ഹി: നിര്‍ഭയ കേസിലെ കുട്ടികുറ്റവാളിയെ തേടി മാധ്യമങ്ങള്‍, കേരളത്തിലെ ഏതോ ഹോട്ടലില്‍ ഇയാള്‍ പാചകക്കാരനായി പണിയെടുക്കുന്നുവെന്നുള്ള അഭൂഹങ്ങള്‍ക്കിടെയാണ് ഇയാളെ തേടി മാധ്യമങ്ങള്‍ ഇറങ്ങിയത്.

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ മുഴുവന്‍ പ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുമ്പോള്‍ ആ കുട്ടിക്കുറ്റവാളി ചര്‍ച്ചകളില്‍ വീണ്ടും നിറയുകയാണ്. നിര്‍ഭയയുടെ മരണമൊഴി പ്രകാരം ഓടുന്ന ബസിലിട്ട് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു. ഇതോടെ അയാളെ കണ്ടെത്താനുള്ള ശ്രമം ദേശീയ മാധ്യമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അതേസമയം ദക്ഷിണേന്ത്യയിലെ ഏതോ ഹോട്ടലിലെ പാചകക്കാരനായി തുടരുന്ന ഇയാള്‍ കേരളത്തിലാണോയെന്ന സംശയവും ശക്തമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിന്റെ വിചാരണയ്ക്കിടെ നിര്‍ഭയയുടെ മൊഴി കോടതിക്ക് ബോധ്യപ്പെട്ടെങ്കിലും കൊലപാതകം നടക്കുമ്പോള്‍ 17 വര്‍ഷവും ആറ് മാസവുമായിരുന്നു പ്രതിയുടെ പ്രായമെന്നത് പരിഗണിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഈ കുട്ടിക്കുറ്റാവാളിയെ വിചാരണ ചെയ്തത്.

വിചാരണയ്‌ക്കൊടുവില്‍ ജുവൈനല്‍ നിയമപ്രകാരം നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയായ മൂന്ന് വര്‍ഷം തടവ് മാത്രമാണ് കുട്ടിക്കുറ്റവാളിക്ക് ലഭിച്ചത്. അതും വിചാരണകാലയളവില്‍ ജയിലില്‍ കഴിഞ്ഞ എട്ട് മാസം കഴിഞ്ഞ് ശിഷ്ടകാലം മാത്രമേ പ്രതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നുള്ളൂ.

കേസിലെ അവശേഷിക്കുന്ന അഞ്ച് പ്രതികള്‍ക്കും വിചാരണ നടത്തിയ ഡല്‍ഹി സാകേത് കോടതി വധശിക്ഷ നല്‍കി. പിന്നീട് ഡല്‍ഹി ഹൈക്കോടതിയും, സുപ്രീംകോടതിയും ആ വിധി ശരിവച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ കുട്ടിക്കുറ്റവാളിയുടെ ശിക്ഷാ കാലാവധി തീര്‍ന്നിരുന്നു. 2015 ഡിസംബറില്‍ ശിക്ഷാകാലാവധി തീരുന്നതിനും ദിവസങ്ങള്‍ മുന്‍പ് അയാള്‍ ജയില്‍ മോചിതനായി പുറത്തിറങ്ങി. ജീവന് ഭീഷണിയുണ്ടെന്നതിനാല്‍ പൊലീസ് രഹസ്യമായി ഇയാളെ ജയിലില്‍ നിന്ന് പുറത്തെത്തിച്ച് ഒരു സന്നദ്ധസംഘടനയ്ക്ക് കൈമാറുകയായിരുന്നു.

പിന്നീടുള്ള കുറച്ചു കാലം ഈ സന്നദ്ധസംഘടനയാണ് ഇയാളെ സംരക്ഷിച്ചത്. മാധ്യമങ്ങളും പൊതുജനവും ഇയാളെ തേടിയെത്തും എന്നുറപ്പുള്ളതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞ് സന്നദ്ധപ്രവര്‍ത്തകര്‍ ഇയാളെ ദക്ഷിണേന്ത്യയിലേക്കയച്ചു. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഏതോ ഒരു റെസ്റ്റോറന്റില്‍ കുക്കായി ജോലി നോക്കുകയാണ് ഇയാളെന്ന് കുട്ടിക്കുറ്റവാളിയുടെ പുനരധിവാസവുമായി സഹകരിച്ച ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പറയുന്നു. അതേസമയം അന്യസംസ്ഥാനക്കാര്‍ ഏറെയും ജോലി തേടിയെത്തുന്ന കേരളത്തിലെ ഏതോ റസ്‌റ്റോറന്റിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്.

തന്നെ ജനങ്ങള്‍ കൊല്ലുമെന്ന ഭയത്തോടെയായിരുന്നു ഇയാള്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വന്നത്. ഇപ്പോള്‍ 23 വയസ്സുള്ള അന്നത്തെ കുട്ടിക്കുറ്റവാളിക്ക് ഡല്‍ഹിയില്‍ തന്നെ തുടരാനുള്ള ധൈര്യമില്ലായിരുന്നു. എന്തായാലും ഡല്‍ഹിക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ദേശീയമാധ്യമങ്ങള്‍ക്ക് എളുപ്പം കണ്ടെത്താന്‍ സാധിക്കാത്ത ദൂരത്താണ് അയാള്‍ ഉള്ളത്.

ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്‌ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഇയാളുടെ ഭൂതകാലത്തെക്കുറിച്ച് അറിവൊന്നുമില്ലെന്ന് ഇയാളുമായി ബന്ധം പുലര്‍ത്തുന്ന സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. പുതിയ ജീവിതവുമായി അയാള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു.

11 വയസ്സുള്ളപ്പോള്‍ ആണ് ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ നിന്ന് ഇയാള്‍ ഒളിച്ചോടി ഡല്‍ഹിയിലെത്തിയത്. കടുത്ത ദാരിദ്രമായിരുന്നു ഒരു ഒളിച്ചോട്ടത്തിലേക്ക് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് ഇയാളെ അറിയുന്നവര്‍ പറയുന്നത്. ജുവനൈല്‍ ഹോമിലെ മൂന്ന് വര്‍ഷത്തെ ജീവിതം കുട്ടിക്കുറ്റവാളിയെ കാര്യമായി സ്വാധീനിച്ചു. ഇടയ്ക്കിടെ അമ്മയുമായി ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയ ഇയാള്‍ ആത്മീയകാര്യങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടു. അഞ്ച് നേരം പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തി.

ജയില്‍ ജീവിതത്തില്‍ പൂര്‍ണഅച്ചടക്കവും മാന്യതയും ഇയാള്‍ പുലര്‍ത്തിയെന്ന് ജയില്‍ ജീവനക്കാരും ഇയാളെ പരിശോധിച്ച കൗണ്‍സിലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. തുടക്കത്തില്‍ മറ്റു തടവുകാരില്‍ നിന്ന് അകറ്റി നിര്‍ത്തിയെങ്കിലും അവസാനക്കാലത്ത് ഇയാള്‍ ഹൈക്കോടതി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിക്കൊപ്പമാണ് സെല്‍ പങ്കിട്ടത്.

ഈ സഹവാസം ഇയാളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചെന്ന് സുബ്രഹ്മണ്യംസ്വാമി അടക്കമുള്ളവര്‍ ആരോപിച്ചതോടെ ഇയാളെ വീണ്ടും മറ്റൊരു മുറിയിലേക്ക് മാറ്റി. പഠിക്കാന്‍ വലിയ താത്പാര്യം കാണിക്കാതിരുന്ന ഇയാള്‍ക്ക് പാചകത്തിലായിരുന്നു കൂടുതല്‍ താത്പര്യം. വൈകാതെ ഇയാളുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ സഹതടവുകാര്‍ തന്നെ ഉത്സാഹം കാട്ടി തുടങ്ങി. ഒടുവില്‍ പാചകം തന്നെ ജീവിതമാര്‍ഗ്ഗമാക്കി അയാള്‍ മാറ്റുകയും ചെയ്തു.
എന്തായാലും മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ തെക്കേയിന്ത്യയില്‍ സ്വസ്ഥമായി ജീവിക്കുന്നുവെങ്കിലും ഇയാള്‍ ഇപ്പോഴും ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

സാഹചര്യങ്ങളുടെ ഇരയാണ് ഈ കുട്ടിക്കുറ്റവാളിയെന്നാണ് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രേയസ്സ് എന്ന സന്നദ്ധസംഘടനയുടെ തലവന്‍ അമോദ് കാന്ത് പറയുന്നത്. ഒന്‍പത് വയസ്സുള്ളപ്പോള്‍ ബാലവേല ചെയ്ത ജീവിക്കാന്‍ തുടങ്ങിയ ആളാണ് പ്രതിയെന്നും എന്നാല്‍ കഷ്ടപ്പാടും കുറ്റകൃത്യങ്ങളും നിറഞ്ഞ ഭൂതകാലത്തിനൊടുവില്‍ ഇപ്പോള്‍ തീര്‍ത്തും സാധാരണമായ ജീവിതമാണ് അയാള്‍ നയിക്കുന്നതെന്നും അമോദ് കാന്ത് ചൂണ്ടിക്കാട്ടുന്നു.

Top