കൊച്ചി: ബാര്‍ക്കോഴകേസില്‍ കുടുങ്ങിയ മുന്‍ മന്ത്രി കെ ബാബുവിനെതാരയ നീക്കങ്ങള്‍ വിജിലന്‍സ് ശക്തമാക്കി. ഇതോടെ ബാബു കുടൂതല്‍ കുരുക്കിലേക്കെന്നാണ് സൂചന. പരിശോധനയുടെ ഭാഗമായി എറണാകുളത്തെയും തൊടുപുഴയിലെയും ബാങ്കുകളില്‍ ബാബുവിന്റെ മക്കളുടെ പേരിലുണ്ടായിരുന്ന ലോക്കറുകളില്‍നിന്നു പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ഉറവിടം ഇനിയും കണ്ടെത്തായില്ല. അതിനെക്കുറിച്ചുള്ള വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാബുവിനോ മക്കളുടെ ഭര്‍തൃവീട്ടുകാര്‍ക്കോ കഴിയുന്നില്ലെന്നതിനാല്‍ അന്വേഷണം തുടരും.
ഇരുനൂറു പവന്‍ സ്വര്‍ണമാണ് വിവിധ ബാങ്കുകളിലെ ലോക്കറുകളില്‍നിന്നു പിടിച്ചെടുത്ത്. മക്കളായ ഐശ്വര്യ, ആതിര എന്നിവരുടെ ഭര്‍തൃവീട്ടുകാര്‍ നല്‍കിയതാണ് ഈ സ്വര്‍ണമെന്നായിരുന്നു ബാബുവിന്റെ മൊഴി. തുടര്‍ന്ന് ഇവയുടെ ഉറവിടം കാണിക്കണമെന്നു ഭര്‍തൃവീട്ടുകാരോടു വിജിലന്‍സ് ആവശ്യപ്പെട്ടു. ഇവ വാങ്ങിയതിന്റെ ബില്ലുകള്‍ ഹാജരാക്കാനോ ഉറവിടം വ്യക്തമാക്കാനോ അവര്‍ക്കായിട്ടില്ല. ചുരുക്കത്തില്‍ ഇതെല്ലാം ബാബുവിന്റെ അനധികൃതസ്വത്താണെന്ന നിഗമനത്തിലാണ് വിജിലന്‍സ് ഇപ്പോള്‍.
അതേസമയം, ബാബുവിന്റെ പേരില്‍ നേരത്തേ ആരോപിക്കപ്പെട്ടിരുന്ന തേനിയിലെ എഴുപതേക്കറിലെ വിവാദവും തീരുന്നില്ല. ഈ ഭൂമിയും ബാബുവിന്റേതു തന്നെയായിരുന്നെന്നാണ് വിജിലന്‍സ് കരുതുന്നത്. ഈ ഭൂമിയുടെ രേഖകള്‍ നല്‍കണമെന്നു വിജിലന്‍സ് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ബാബുവിന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവിന്റെ പിതാവിന്റെയും അദ്ദേഹത്തിന്റ സുഹൃത്തിന്റെയും ഭാര്യയുടെയും പേരിലായിരുന്നു ഈ ഭൂമി രജിസ്റ്റര്‍ ചെയ്തിരുന്നത്.
മകളുടെ ഭര്‍തൃപിതാവിന്റെ സുഹൃത്തും ഭാര്യയും സ്ഥലം വാങ്ങാന്‍ ബാങ്കില്‍നിന്നു ലോണെടുത്തതായി വ്യക്തമാക്കി. എന്നാല്‍ മകളുടെ ഭര്‍തൃപിതാവിന് പണത്തിന്റെ ഉറവിടം വ്യക്തമാക്കാനായില്ല. അതിനാല്‍ ഈ ഭൂമി സംബന്ധിച്ച സംശയം ഇപ്പോഴും ബാബുവിനെ ചുറ്റിപ്പറ്റിത്തന്നെയാണ്
ബാബുവിന്റെ ആസ്തികള്‍ സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്.
തൃപ്പൂണിത്തുറയിലെ വീടിന്റെ വിസ്തൃതി അളന്നു. ബാബുവിന്റെ ആസ്തികളും തിട്ടപ്പെടുത്തുന്ന ജോലികള്‍ അന്തിമഘട്ടത്തിലാണ്. ചുരുക്കത്തില്‍ ബാബുവിന്റെ കുരുക്കു കുടുതല്‍ മുറുകുന്നതായാണു വിജിലന്‍സ് നല്‍കുന്ന സൂചന