കെ ബാബുവിന് ബാറുടമയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും; ബാബുവിന്റെ അതിബുദ്ധി വിനയാകും

K-Babu_HERO

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ കുടുങ്ങിയതോടെ കെ ബാബുവിന്റെ മറ്റ് വഴിവിട്ട ബന്ധങ്ങളും അഴിമതികളും വിജിലന്‍സ് പിശോധിക്കുകയാണ്. ബാബുവിനെ പൂട്ടാനുള്ള പ്രധാന കെണി കിട്ടുമോയെന്നാണ് വിജിലന്‍സ് തിരയുന്നത്. ആരാണീ ബാബുറാമും മോഹനനും? ഇവരെ അറിയില്ലെന്നാണ് ബാബു പരസ്യമായി പറഞ്ഞത്.

എന്നാല്‍, ബാബുറാമും മോഹനനും അത് നിഷേധിക്കുകയായിരുന്നു. ഇതോടെ വിജിലന്‍സിന്റെ സംശയം കൂടി. റിയല്‍ എസ്റ്റേറ്റാണ് ബിസിനസ്സിന്റെ കണ്ണികളാണിവര്‍. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറിയായ തനിക്കു കെ.ബാബുവിനെ വര്‍ഷങ്ങളായി അറിയാമെന്നു ബാബുറാം പറഞ്ഞു. അത്യാവശ്യഘട്ടങ്ങളില്‍ കെ.ബാബു തന്റെ കാര്‍ ഉപയോഗിച്ചിട്ടുണ്ട്. വല്ലപ്പോഴും ഫോണില്‍ സംസാരിക്കാറുമുണ്ട്. എന്നാല്‍, ഒരുതരത്തിലുള്ള ബിസിനസ് ബന്ധവുമില്ലെന്നും ഇവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ സ്വദേശിയായ മോഹനന്‍ കാല്‍ നൂറ്റാണ്ടു മുന്‍പാണു ബേക്കറി ബിസിനസുമായി തൃപ്പൂണിത്തുറയില്‍ എത്തിയത്. പ്രദേശത്തെ എംഎല്‍എ എന്ന നിലയിലുള്ള പരിചയം മാത്രമേ കെ.ബാബുവുമായുള്ളൂവെന്നു മോഹനന്‍ പറഞ്ഞു. റോയല്‍ ബേക്കേഴ്സിന്റെ ചില കടകള്‍ എംഎല്‍എ എന്ന നിലയില്‍ ബാബു ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

ഇതില്‍ ഇവരെ പരിചയമില്ലെന്ന് ബാബു പറഞ്ഞതാണ് വിനയാകുന്നത്. അതിനിടെ കെ. ബാബുവിന്റെ ബിനാമികളെന്ന് സംശയിക്കുന്ന റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ പ്രധാന ഭൂമി ഇടപാടുകളെപ്പറ്റി വിജിലന്‍സ് അന്വേഷിക്കുന്നു.ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പനങ്ങാട്ടുള്ള വില്ല പ്രോജക്ടിന്റെയടക്കം ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബാബുറാം വിജിലന്‍സിനോട് ഇത് സമ്മതിച്ചിട്ടുണ്ട്.

ബിനാമികളെക്കുറിച്ചും ബിനാമി ഇടപാടുകളെക്കുറിച്ചും പരിപൂര്‍ണ അജ്ഞതയാണ് കെ. ബാബു റെയ്ഡിനിടെ വിജിലന്‍സ് അന്വേഷണസംഘം മുമ്പാകെ പ്രകടിപ്പിച്ചത്. കൂട്ടുപ്രതികളായ ബാബുറാമിനെയും മോഹനനെയും അറിയില്ലെന്നാണ് ബാബു റെയ്ഡ് നടത്താനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. മോഹനന്‍ നടത്തുന്ന റോയല്‍ ബേക്കറി ശൃംഖലയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് എവിടെയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥനോട് അദ്ദേഹം തിരിച്ചു ചോദിക്കുകയാണുണ്ടായത്. അതുകൊണ്ടാണ് ബാബുവിനെ അറിയാമെന്ന മൊഴികള്‍ നിര്‍ണ്ണായകമാകുന്നത്.

ബാബുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് മുമ്പായി ബിനാമികളുമായി അദ്ദേഹത്തിനുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ശേഖരിക്കേണ്ടിവരും. കെ.ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂട്ടത്തില്‍ പരാമര്‍ശ വിധേയമായ പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും.

പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ലകള്‍ നിര്‍മ്മിക്കുന്നതിനായി പ്രൈം മെറീഡിയന്‍ എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഭൂമി നല്‍കിയത് ബാബുറാം മുഖേനയായിരുന്നു. ഇതടക്കം ബാബുറാം നടത്തിയ 41 ഭൂമി ഇടപാടുകളുടെ വിവരങ്ങള്‍ ഇയാളുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സച്ചിന്റെ വില്ലയുമായി ബന്ധപ്പെട്ട ഭൂമി കച്ചവടവും ഇതിന്റെ ഭാഗമായി അന്വേഷണവിധേയമാകും.

ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തതു നൂറിലധികം രേഖകളാണ്. കെ. ബാബുവിന്റെ വീട്ടില്‍നിന്നു മുപ്പതോളം രേഖകളും പിടിച്ചെടുത്തു. ബാബുവിന്റെയും മക്കളുടെയും പേരിലുള്ള അഞ്ചുബാങ്ക് അക്കൗണ്ടുകളും മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളുമാണ് വിജിലന്‍സ് മരവിപ്പിച്ചിട്ടുള്ളത്. എസ്.ബി.ടിയുടെ തൃപ്പൂണിത്തുറ ശാഖയില്‍ ബാബുവിന് നാല് അക്കൗണ്ടുകളും മകളുടെ പേരില്‍ ഒരു അക്കൗണ്ടുമുണ്ട്. ഇത് മരവിപ്പിക്കാന്‍ ശനിയാഴ്ച തന്നെ ബാങ്ക് അധികൃതര്‍ക്ക് കത്തുനല്‍കി. വേറെയും അക്കൗണ്ടുകളും ലോക്കറുകളും ബാബുവിനും ബന്ധുക്കള്‍ക്കും ഉള്ളതായി വിജിലന്‍സ് കരുതുന്നു. ഇത് കണ്ടെത്തി മരവിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാകും. വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ നടന്ന പണമിടപാടുകള്‍ വരും ദിവസങ്ങളില്‍ വിശദമായി പരിശോധിക്കും.

Top