തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അഭിമാനം ആകേണ്ട ബൃഹത്തായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് കെ റെയിൽ. കെ റെയിൽ സാക്ഷാത്കരിക്കാൻ വീടുകൾ തോറും കയറി ഇറങ്ങി പ്രചാരണം നടത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ ഭരണപക്ഷം. കെ റെയിലിനായി വീടുകളിൽ നേരിട്ടെത്തി പ്രചാരണം നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. ഉദ്യമത്തിന് ജനപിന്തുണ തേടിയുള്ള ലഘുലേഖ പാർട്ടി പുറത്തിറക്കി.
കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകില്ലെന്നാണ് സിപിഎമ്മിന്റെ പ്രധാന വാദം. പദ്ധതി ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം അവകാശപ്പെടുന്നു.
സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് ഒരു ലക്ഷം കവിയുമെന്ന എതിർവാദം വസ്തുതാവിരുദ്ധം ആണെന്നും സിപിഎം ആരോപിക്കുന്നു. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകൾക്കും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തും. പദ്ധതിയിൽ കേന്ദ്ര സർക്കാർ സഹായിക്കുന്നില്ലെന്നും ലഘുലേഖ ആരോപിക്കുന്നു. പദ്ധതി അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും സഖ്യം ചേരുകയാണെന്നും സിപിഎം ആരോപണം ഉയർത്തുന്നു.