തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തിവെച്ചു. സംസ്ഥാന വ്യാപകമായി കെ.റെയിലിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.
പ്രതിഷേധം ശക്തമായതിനാൽ മുന്നോട്ട് പോവാൻ കഴിയില്ലെന്ന് ഏജൻസി കെ റെയിലിനെ അറിയിച്ചു. എറണാകുളത്ത് സർവേ നടപടികൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കാനും കല്ലിടുന്നതിനുളള ഉപകരണങ്ങൾ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സർവേ നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും ഏജൻസി പറഞ്ഞു. അടുത്ത മാസം പത്ത് വരെ സർവേ നടപടി നിർത്തിവെക്കാൻ സിപിഐഎം നേതാക്കൾ കെ റെയിൽ ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, സംസ്ഥാനമൊട്ടാകെ സർവേ നടപടികൾ നിർത്തിവെച്ചു എന്ന വാർത്ത കെആർഡിസി നിഷേധിച്ചു. സർവേ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടില്ല. ജില്ലകളിലെ സാഹചര്യങ്ങൾ വിലയിരുത്തി സർവേ നിർത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പ്രതിഷേധം കാരണം സർവ്വേ നടപടികൾ മുടങ്ങിയതാണെന്നാണ് കെആർഡിസി നൽകുന്ന വിശദീകരണം.പൊലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സര്‍വ്വേ തുടരാനാകില്ലെന്നാണ് എറണാകുളത്ത് സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സിയുടെ ഉദ്യോഗസ്ഥരുടെ നിലപാട്. വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണെന്ന് ഏജന്‍സി പരാതിപ്പെടുന്നു. ഇന്നലെ പിറവത്ത് സര്‍വ്വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.