കേരളത്തെ കണ്ട ഭാവം നടിക്കാതെ കേന്ദ്രം ; കെ റെയിൽ ഉൾപ്പെടെ ഒന്നും ബജറ്റിലില്ല

കേരളത്തിന്റെ ആവശ്യങ്ങൾക്ക് നേരെ വീണ്ടും മുഖം തിരിച്ച് കേന്ദ്ര സർക്കാർ. കെ-റെയിലിന്റെ അർധാതിവേഗ തീവണ്ടിസർവീസായ സിൽവർലൈനിനെപ്പറ്റി കേന്ദ്രബജറ്റിൽ പരാമർശമില്ല. ഇതുൾപ്പെടെ കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും ബജറ്റിൽ ഇടംകണ്ടില്ല.

ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇത്തവണയും ഫലംകണ്ടില്ല. ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ചുവർഷത്തേക്കുകൂടി അനുവദിക്കുക, വായ്പാപരിധി ഉയർത്തുക, മടങ്ങിവരുന്ന പ്രവാസികൾക്കും പരമ്പരാഗത വ്യവസായമേഖലയ്ക്കും തോട്ടംമേഖലയ്ക്കും പാക്കേജുകൾ അനുവദിക്കുക തുടങ്ങിയ 22 ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്. ഇവയും ഉൾപ്പെടുത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടുവർഷമായി കേരളം സിൽവർലൈനിന് കേന്ദ്രാനുമതിയും സാമ്പത്തികസഹായവും തേടുന്നു. സിൽവർലൈൻ കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചിരുന്നു.

ബജറ്റിന്റെ ഭാഗമായ പദ്ധതികളെക്കുറിച്ച് റെയിൽവേമന്ത്രി അശ്വനികുമാർ വൈഷ്ണവ് നടത്തിയ പത്രസമ്മേളനത്തിലും സിൽവർലൈനിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ സംബന്ധിച്ച നടപടികൾ വേഗത്തിൽ മുന്നേറുകയാണെന്ന് അദ്ദേഹം അറിയിച്ചു.

400 വന്ദേഭാരത് തീവണ്ടികൾ അനുവദിച്ചെങ്കിലും ഏതൊക്കെ റൂട്ടിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിന് രണ്ടു തീവണ്ടികളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗത്തിൽ ഓടാനാകുന്ന വന്ദേഭാരത് എക്സ്‌പ്രസ് ലഭിച്ചാൽ കേരളത്തിൽ സിൽവർലൈനിന്റെ പ്രസക്തി വീണ്ടും ചോദ്യംചെയ്യപ്പെടും.

ബജറ്റിൽ ഉൾപ്പെടുത്താത്തതുകൊണ്ട് സിൽവർലൈനിന് അനുമതി നിഷേധിച്ചെന്ന ധാരണ സർക്കാരിനില്ല. വിശദപദ്ധതിരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിശോധിച്ച് നിതി ആയോഗിന്റെ അഭിപ്രായത്തോടെ അംഗീകാരത്തിനായി കേന്ദ്രമന്ത്രിസഭയ്ക്ക് സമർപ്പിക്കണം. നടപടികൾ വേഗത്തിലാക്കാൻ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

Top