എറണാകുളത്തെ കോൺഗ്രസ് സമരം: ജോജുവിന്റെ പേരിൽ കെ.സുധാകരനും പിണറായിയും നേർക്കുനേർ; കള്ളക്കേസെടുത്ത് നാവടപ്പിക്കാനാണ് നീക്കമെങ്കിൽ ചെറുക്കുമെന്നു കെ.സുധാകരൻ

കൊച്ചി: എറണാകുളത്ത് കോൺഗ്രസ് സമരത്തിലേയ്ക്കു കയറിയെത്തിയ ജോജു ജോർജിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തമ്മിൽ ഏറ്റുമുട്ടുന്നു. വിഷയത്തിൽ ആദ്യം മുതൽ തന്നെ ജോജുവിന് എതിരെ നിലപാട് എടുത്തിരുന്ന കെ.സുധാകരൻ ശക്തമായ നിലപാടാണ് പിണറായി വിജയന് എതിരെ സ്വീകരിച്ചത്.

കള്ളക്കേസെടുത്ത് കോൺഗ്രസിന്റെ നാവടപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെങ്കിൽ അതു വിലപ്പോകില്ലെന്ന് കെ. സുധാകരൻ ംപി ആഞ്ഞടിച്ചു. പൊലീസ് പിണറായിയുടെ ദാസ്യവേല ചെയ്യുകയാണ്. ഭരണപക്ഷത്തിരിക്കുന്നവരെ തലോടുകയും താലോലിക്കുകയും ചെയ്യുന്ന കേരള പോലീസ് പ്രതിപക്ഷത്തുള്ളവരെ അടിച്ചൊതുക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയുമാണെന്ന് സുധാകരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, വൈസ് പ്രസിഡന്റ് വിജെ പൗലോസ്, വിപി സജീന്ദ്രൻ, ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരെ കേസെടുത്ത് ജയിലിലടയ്ക്കാനുള്ള പിണറായിയുടെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഏർപ്പാടാണ്. ഇതുകൊണ്ട് സമരരംഗത്തുനിന്ന് കോൺഗ്രസിനെ പിന്മാറ്റാം എന്നു കരുതുന്നത് മൗഢ്യമാണെന്നും സുധാകരൻ പറഞ്ഞു.

”പെട്രോൾ ഡീസൽ വില വർധനവിനെതിരേ കോൺഗ്രസ് സമരം ചെയ്യുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നോവുമോ എന്നാണ് പിണറായിയുടെ പേടി. നടന്റെ വിഷയം പൊക്കിപ്പിടിച്ച് പെട്രോൾ വില വിഷയം തമസ്‌കരിക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങൾ അനിയന്ത്രിതമായ പെട്രോൾ ഡീസൽ വില വർധനമൂലം നിന്ന് ഉരുകുമ്പോഴാണ് കോൺഗ്രസ് ഇതിനെതിരേ സമരം നടത്തിയത്. ഏറെ നാളുകളായി നടന്നുവരുന്ന സമരത്തിന്റെ തുടർച്ചയാണിത്. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ സമരമുഖത്തേക്ക് ഇരച്ചു കയറിയ സിനിമ നടന്റെ പ്രവർത്തിയും പരസ്യമായ പുലഭ്യം പറച്ചിലുമെല്ലാം ജനങ്ങൾ കണ്ടതാണ്. അതിനെതിരേ ചെറുവിരൽ പോലും അനക്കാത്ത പോലീസ് ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച നേതാക്കളെയാണ് ജയിലിലടയ്ക്കുന്നത്.”-സുധാകരൻ പറഞ്ഞു.

പെട്രോൾ ഡീസൽ വില വർധനവിനെതിരേയും പിണറായിയുടെ ഫാസിസ്റ്റ് നടപടികൾക്കെതിരേയും കോൺഗ്രസ് വർധിത വീര്യത്തോടെ സമരരംഗത്ത് തിരിച്ചെത്തും. ജനങ്ങളുടെ സഹകരണത്തോടെ വൻ പ്രക്ഷോഭത്തിന്റെ നാളുകളാണ് വരാൻ പോകുന്നതെന്നും സുധാകരൻ പറഞ്ഞു.

Top