കൊച്ചി:കെ.പി.സി.സി പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിലെ എം.പിമാരുമായി കെ.സുധാകരന്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ താരിഖ് അന്‍വറും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തു. താരിഖ് അന്‍വര്‍ ക്ഷണിച്ച അത്താഴവിരുന്നിലാണ് എം.പിമാര്‍ ഒത്തുകൂടിയത്. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി വി.ഡി സതീശനും ഈ ആഴ്ച ഡല്‍ഹിയിലെത്തും.
ഗ്രൂപ്പിന് അതീതമായി പുനഃസംഘടന ഉണ്ടാവണമെന്നാണ് ഭൂരിഭാഗം എം.പിമാരും നേതാക്കളെ അറിയിച്ചത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളുമായി കെ.സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. ആദ്യ ഘട്ടത്തില്‍ ഡി.സി.സി ഭാരവാഹികളെയും രണ്ടാം ഘട്ടത്തില്‍ കെ.പി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് സാധ്യത.
നിലവിൽ പല ജില്ലകളിലും ഗ്രൂപ്പുകളിൽ തന്നെ പേരുകൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും അവകാശവാദമുന്നയിക്കുന്നുണ്ട്. വിഎസ്. ശിവകുമാർ, ആർ വത്സലൻ, പാലോട് രവി, ശരത്ചന്ദ്രപ്രസാദ് എന്നിവരാണ് പരിഗണിക്കപ്പെടുന്ന പേരുകൾ. കൊല്ലത്ത് ഐ ഗ്രൂപ്പിൽ തർക്കം രൂക്ഷമാണ്.എ.എം. നസീർ, ഷാനവാസ് ഖാൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള കോട്ടയത്തും നിരവധി പേരുകൾ ഉയരുന്നുണ്ട്. മുതിർന്നരണ്ട് നേതാക്കൾക്കും സംഘടനാ രംഗത്ത് സജീവമായ മറ്റൊരു യുവ നേതാവിന്റേയും പേരാണ് പരിഗണിക്കുന്നത്. എന്നാൽ മറ്റ് ജില്ലകളിലെ അധ്യക്ഷൻമാരുടെ നിയമനം കൂടി അനുസരിച്ച് ചില അട്ടിമറികൾ അവസാന ഘട്ടത്തിൽ ഉണ്ടായേക്കാനാണ് സാധ്യത. തൃശ്ശൂരിൽ ടിവി ചന്ദ്രമോഹൻ, പത്മജാ വേണുഗോപാൽ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടുന്നുണ്ട്.
എന്നാൽ പദ്മജയ്ക്കെതിരെ കടുത്ത എതിർപ്പുകൾ ഉയരുന്നുണ്ട്. തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ പദ്മജയുടെ സാധ്യത അടഞ്ഞേക്കും. പാലക്കാട് വിടി ബൽറാമിന്റെ പേരാണ് തുടക്കത്തിൽ ശകത്മായി ഉയർന്നിരുന്നതെങ്കിലും അവസാന നിമിഷം മുൻ എംഎൽഎ കൂടിയായ എവി ഗോപിനാഥനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോർട്ട്. അതേസമയം ഗോപിനാഥിനെ നിയമിക്കുന്നതിനെതിരെ വികെ ശ്രീകണ്ഠൻ എംപി എതിർപ്പുയർത്തിയിട്ടുണ്ട്.
വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമുള്ള കോഴിക്കോട് ജില്ലയിൽ മികച്ച നേതാവിനെ മുന്നോട്ട് വെയ്ക്കാൻ ഇല്ലെന്ന വെല്ലുവിളിയാണ് ഗ്രൂപ്പ് നേരിടുന്നത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണ കിടാവിന്റെ പേര് ഒരു വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ എ ഗ്രൂപ്പിൽ നിന്ന് എതിർപ്പുയർന്നിട്ടുണ്ട്. അതേസമയം കെപിസിസി ജനറൽ സെക്രട്ടറിയായ എൻ സുബ്രഹ്മണ്യന്റെ പേരാണ് ഐ ഗ്രൂപ്പ് ഉയർത്തുന്നത്.എന്നാൽ തന്റെ വിശ്വസ്തൻ കൂടിയായ കെ ജയന്തിന്റെ പേര് ഉയർത്താനാണ് കെപിസിസി അധ്യക്ഷൻ സുധാകരൻ മുന്നോട്ട് വെയ്ക്കുന്നത്.
അതേസമയം കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.പ്രവീണ്‍കുമാറിനെ ഡിസിസി അധ്യക്ഷനാക്കണമെന്നാണ് വടകര എംപി കെ മുരളീധരന്റെ ആവശ്യം. മുരളീധരനും സുധാകരനും നീക്കം ശക്തമാക്കിയാൽ ഇതിന് തടയിടാൻ എ,ഐ ഗ്രൂപ്പുകൾ ഒറ്റ പേര് നിർദ്ദേശിച്ചേക്കുമെന്നും സൂചനയുണ്ട്. കണ്ണൂരിൽ കെ സുധാകരന്റെ നിലപാട് ഏറെ നിർണായകമാകും. മാർട്ടിൻ ജോർജ്, ടിഒ മോഹനൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം ദില്ലിയിൽ തുടരുന്ന കെ സുധാകരൻ സംസ്ഥാനത്ത് നടന്ന ചർച്ചയിലെ ധാരണകൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ധരിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ പൂർത്തിയാക്കി മടങ്ങിയാൽ നാട്ടിലെ മുതിർന്ന നേതാക്കളുമായി ഒരു വട്ടം കൂടി ആശയവിനിമയം നടത്തിയേക്കും.
സംസ്ഥാനത്ത് 9 ജില്ലകൾ ഐ ഗ്രൂപ്പിനാണ്. ഇത്തവണയും അഞ്ച് ജില്ലകളും തങ്ങൾക്ക് തന്നെ വേണമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. സജീവ ഗ്രൂപ്പ് പ്രവർത്തകരെ ഉൾപ്പെടുത്തികൊണ്ടുള്ള പട്ടികയും രമേശ് ചെന്നിത്തല സുധാകരന് കൈമാറിയിട്ടുണ്ട്. അതേസമയം അഞ്ച് ജില്ലകൾ മാത്രം കൈവശമുള്ള എ ഗ്രൂപ്പ് 14 ജില്ലകളിലേക്കുമുള്ള പട്ടികയാണ് ഇത്തവണ കൈമാറിയിരിക്കുന്നത്.അതും ഒന്നിൽ കൂടുതൽ പേർ ഉൾപ്പെടുന്നതാണ് പട്ടിക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന സ്ഥാനാർത്ഥികൾ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അതിനിടെ കെ സുധാകരനും വിഡി സതീശനും തങ്ങളുടെ വിശ്വസ്തരുടെ പേരുകളും മുന്നോട്ട് വെച്ചിട്ടുണ്ട്.
ഡിസിസി പ്രസിഡന്റുമാർക്ക് പ്രായപരിധി മാനദണ്ഡമാക്കേണ്ടതില്ല,ജനപ്രതിനിധികളെ ആ പദവിയിൽ പരിഗണിക്കില്ല എന്ന കാര്യത്തിൽ മാത്രമാണ് ചർച്ചകളിൽ ധാരണയായത്. നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടവരെ മാറ്റി നിർത്തണമെന്ന് ഹൈക്കമാൻറ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് നേതാക്കൾ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല ഒന്നിലധികം പേരുകൾ ഉൾപ്പെട്ട പട്ടിതയും നേതാക്കൾ കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ തവണ ഗ്രൂപ്പുകളുടെ അഭിപ്രായം ചോദിച്ചെങ്കിലും എഐസിസി നേരിട്ട് അഭിമുഖം നടത്തിയായിരുന്നു ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചത്. ഇത്തവണയും എഐസിസി സംഘം എത്തി ജില്ലാ തലത്തിൽ നിന്നും അഭിപ്രായം സ്വരൂപിച്ച ശേഷമായിരിക്കും അധ്യക്ഷൻമാരെ കണ്ടെത്തുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എഐസിസി തലത്തിൽ അഴിച്ചുപണിക്ക് ഹൈക്കമാന്റ് ഒരുങ്ങുന്നതിനാൽ നേതാക്കളുടെ പര്യടനം മാറ്റിവെച്ചു.ഇതോടെ സംസ്ഥാന നേതൃത്വത്തോട് തന്നെ നടപടികളുമായി മുന്നോട്ട് പോകാൻ ദേശീയ നേതൃത്വം നിർദ്ദേശിച്ചു.
ഇതുപ്രകാരം ഓരോ ജില്ലകളിലും പരിഗണിക്കാവുന്ന നേതാക്കളുടെ ചുരുക്കപ്പെട്ടികകെപിസിസി നേതൃത്വം തയ്യാറാക്കി. പിന്നാലെ രാഷ്ട്രീയ കാര്യസമിയിലും എംഎൽഎമാരുമായും എംപിമാരുമായും ആശയ വിനിമയം നടത്തി. തുടർന്ന് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായും കെപിസിസി അധ്യക്ഷൻ ചർച്ച നടത്തിയിരുന്നു.എന്നാൽ തുടക്കത്തിൽ ഗ്രൂപ്പ് വീതം വയ്പ്പ് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയ നേതാക്കൾ പല ജില്ലകൾക്കായും ശക്തമായ അവകാശവാദം ഉന്നയിച്ചതോടെയാണ് കടുത്ത പ്രതിസന്ധി ഉടലെടുത്തത്.ഗ്രൂപ്പിന് അതീതമായി ഡിസിസി ഭാരവാഹികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.എന്നാൽ അവസാന ഘട്ട ചർച്ചകളിലേക്ക് കടന്നപ്പോൾ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പിടിമുറുക്കിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.