തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശൻ പിണറായിക്കൊപ്പം .വീണ വിജയൻ കേസ് ഒതുക്കാൻ സതീശൻ ഒത്തുകളിക്കുന്നതായും ആരോപണം .വിഷയം നിയമസഭയിൽ ചർച്ച ചെയ്യാതിരിക്കാൻ വി ഡി സതീശൻ ഗൂഢാലോചന നടത്തിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ഏകകണ്ഠേന പ്രമേയം പാസാക്കാൻ യുഡിഎഫ് അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. മാസപ്പടി കേസ് തെളിഞ്ഞാൽ എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും നേതാക്കൾ കുടുങ്ങും. അഴിമതിയും കൊള്ളയും കൂടുതൽ ബോധ്യപ്പെടും. അതുകൊണ്ട് യു ഡി എഫിനും കേസ് മുക്കാൻ ആയിരുന്നു താല്പര്യം. കുഞ്ഞാലിക്കുട്ടി അടക്കം ഇതിൽ പങ്കാളിയാണ്. മാസപ്പടി വാങ്ങുന്ന ‘ലജ്ജയില്ലാത്ത’ വർഗമായി ഇവർ മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രൻ പരിഹസിച്ചു.
പിണറായി വിജയൻ ഉണ്ടാക്കുന്ന അഴിമതി പണത്തിന്റെ ചിലവിൽ ആണ് സിപിഐഎം മുന്നോട്ട് പോകുന്നത്. ഇത്രയേറെ അടിമയായ പാർട്ടി സെക്രട്ടറിയെ ഇതുവരെ കണ്ടിട്ടില്ല. എം വി ഗോവിന്ദന്റെയും സീതാറാം യെച്ചുരിയുടെയും ചെല്ലും ചെലവും നടത്തുന്നത് പിണറായി വിജയന്റെ അഴിമതിപ്പണം കൊണ്ടാണ്. മടിയിൽ കനം ഇല്ലെങ്കിൽ അന്വേഷണം വരട്ടെ എന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും കേന്ദ്ര ഏജൻസിയെ തടസപ്പെടുത്തിയാൽ നടപടി ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സിഎംആർഎൽ വിവാദത്തിലെ വിവരങ്ങൾ ഷോൺ ജോർജും, മാത്യു കുഴൽനാടനും ഭൂമിയിൽ നിന്ന് കുഴിച്ചെടുത്തതാണോ എന്നും തെരഞ്ഞെടുപ്പ് നേട്ടവും കേസ് അന്വേഷണവും കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്.ശക്തമായ സ്ഥാനാർഥി തന്നെ ഉണ്ടാകും. സംസ്ഥാന സർക്കാർ ഡൽഹിയിൽ നടത്താനൊരുങ്ങുന്ന സമരം നനഞ്ഞ പടക്കമായി മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിക്ക് പൊതുവെ സ്വാധീനം കുറഞ്ഞ മണ്ഡലത്തിലൂടെയാണ് പദയാത്ര നടത്തിയതെന്നും എന്നാൽ വലിയ സ്വീകരണം ലഭിച്ചുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മോദിയോടും കേന്ദ്രത്തോടുമുള്ള ജനങ്ങളുടെ വിശ്വസ്യത കൂടി എന്നതാണ് ഇത് കാണിക്കുന്നത്. ജനങ്ങൾക്കിടയിൽ അഴിമതിക്കെതിരായ ശക്തമായ പ്രതിഷേധം കാണാമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
വീണാ വിജയനെതിരായ അന്വേഷണത്തിൽ സർക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി കേസ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചർച്ച വിഷയമാണ്. മുഖ്യമന്ത്രിയും മകളും പണം എന്തിനു വാങ്ങി എന്ന കാര്യം അന്വേഷണത്തിൽ പുറത്ത് വരും.അന്വേഷണം ഒന്നും ശരിയായി നടക്കില്ല, പ്രധാനമന്ത്രി ഒത്തു തീർപ്പാക്കും എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. കേസ് തേച്ച് മായ്ച്ച് കളയുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.