തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പുറത്തു വരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ബധ്യതയുള്ള സ്പീക്കർ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ സ്ഥാനമൊഴിയണം. കേരളം ലോകത്തിനു മുന്നിൽ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്? എന്താണ് പ്രതികൾക്ക് നൽകിയ സന്ദേശം? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ധാർമികമായി ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്. ധാർമികതയുണ്ടെങ്കിൽ സ്പീക്കർ രാജിവെച്ച് പദവിയിൽനിന്ന് ഒഴിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന പുറത്തുവരുന്ന റിപ്പോർട്ട് നിയമസഭയ്ക്ക് കളങ്കമാണ്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയെന്ന വാർത്തയോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.