മാധ്യമങ്ങള്‍ ആക്രാന്തം കാണിക്കുന്നു; ജിഷയുടെ കൊലപാതകം ലൈവായി കാണിച്ചത് അരോചകമായി തോന്നിയെന്ന് കെ സുരേന്ദ്രന്‍

k-surendran

മാധ്യമങ്ങള്‍ ലൈവായി വാര്‍ത്ത കൊടുക്കുന്നത് അരോചകമായി തോന്നുന്നുവെന്ന് കെ സുരേന്ദ്രന്‍. ജിഷയുടെ കൊലപാതകം ലൈവായി കാണിച്ച മാധ്യങ്ങള്‍ക്കെതിരെയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. സിനിമാ സ്‌റ്റൈലിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നത്.

ജിഷയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്ത കേരള പൊലീസിന്റെ മിടുക്ക് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്ത ടെലിവിഷന്‍ ചാനലുകള്‍ വളരെ അരോചകമായ അവസ്ഥയാണ് പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നത്. എന്തോ വലിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതു പോലെയാണ് വാര്‍ത്താവതാരകന്മാരുടേയും റിപ്പോര്‍ട്ടര്‍മാരുടേയും അവകാശവാദം. പൊലീസ് ജീപ്പിനു പിന്നാലെ ഓടുകയാണ് മാധ്യമപ്രവര്‍ത്തകര്‍. എന്തിനാണ് ആ ആക്രാന്തം. ജനങ്ങള്‍ കൊലയാളിയെ പിടിച്ച കാര്യവും അതാരാണെന്നും മാത്രമേ അറിയാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്ന് കെ സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.

രണ്ട് ദിവസം മുന്‍പ് തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വീരശൂര പരാക്രമികളെ പോലെ ഓടി നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആ വാര്‍ത്ത അറിഞ്ഞില്ലെന്നോര്‍ത്ത് പൊലീസിന് അഭിമാനിക്കാം ദയവായി ഈ വിലകുറഞ്ഞ മത്സരം നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് കെ സുരേന്ദ്രന്‍ പോസ്റ്റ് ചുരുക്കുന്നത്.

Top