വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമായിപ്പോയി എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചു. പാക് തീവ്രവാദികള്‍ ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണത്തെ പാക് ഗസല്‍ ഗായകനുമായി ബന്ധപ്പെടുത്തുന്നത് ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഗുലാം അലി കേരളത്തില്‍ പാടുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അപലപനീയമാണെന്നും സുരേന്ദ്ന്‍ എഴുതി. ഗുലാം അലിയെ കോഴിക്കോട്ടുകാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ലെന്നും പരിപാടിയുെടസംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാട് എടുക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.
നേരത്തെ കോഴിക്കോട്ട് ശിവസേന പ്രവര്‍ത്തകര്‍ ഗുലാംഅലിയുടെ കോലം കത്തിച്ചു. കിഡ്‌സണ്‍ കോര്‍ണറില്‍ ഇരുപതോളം വരുന്ന ശിവസേന പ്രവര്‍ത്തകരാണ് ഗുലാം അലിയുടെ കോലം കത്തിച്ചത്. സ്വരലയയുടെ നേതൃത്വത്തില്‍ ജനുവരി 15ന് തിരുവനന്തപുരത്തും ജനുവരി 17ന് കോഴിക്കോട്ടും ഗുലാംഅലി സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് ശിവസേനയുടെ നടപടി. ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ ഗുലാംഅലിയുടെ സംഗീത പരിപാടികള്‍ മുടങ്ങിയിരുന്നത്. മുംബൈയില്‍ സംഘടിപ്പിക്കാനിരുന്ന ചടങ്ങാണ് ആദ്യം ഉപേക്ഷിച്ചിരുന്നത്. തുടര്‍ന്ന് ദല്‍ഹി സര്‍ക്കാര്‍ നടത്താനിരുന്ന പരിപാടിയും ശിവസേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ദുഖിപ്പിച്ചെന്നും കാര്യങ്ങള്‍ ശരിയാവുന്നത് വരെ പരിപാടി നടത്തില്ലെന്നും ഗുലാം അലി പറഞ്ഞിരുന്നു. എന്നാല്‍ ശിവസേനക്കെതിരെ കലാകാരന്‍മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും അണി നിരത്തി പ്രതിഷേധിക്കുമെന്നും കേരളത്തില്‍ ഗുലാം അലിയെ പാടിപ്പിക്കുമെന്നും ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സ്വരലയ പരിപാടി സംഘടിപ്പിച്ചത്.
സുരേന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്. പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്ന ആക്രമണത്തെ ഇതുമായി ബന്ധിപ്പിക്കുന്നത് ഭാരതീയ സംസ്കാരത്തിന് വിരുദ്ധമാണ്. എല്ലാ ചിന്താധാരകളെയും ആവാഹിക്കാനുള്ള കരുത്ത് ഭാരതീയ ദര്‍ശനങ്ങള്‍ക്കുണ്ട്. കലയിലും സാഹിത്യത്തിലും വിഷം കലര്‍ത്തുന്നത് ശത്രുക്കളുടെ കൈയില്‍ ആയുധം നല്കുന്നതിന് തുല്യമാണ്. ഗുലാം അലി ലോകപ്രശസ്തനായ ഗസല്‍ വിദ്വാനാണ്. അദ്ദേഹത്തെ കോഴിക്കോട്ടുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. സംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാടെടുക്കാന്‍ കഴിയില്ല. സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ല. ഗുലാം അലിയുടെ കോലം കത്തിക്കാനുള്ള ശിവസേനയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല, എന്നാല്‍ നടപടി നിന്ദ്യമായിപ്പോയി. പറയാതെ വയ്യ.
തിരുവനന്തപുരത്ത് ജനുവരി 15 നും കോഴിക്കോട് 17 നും ഗുലാം അലിയുടെ സംഗീത പരിപാടി നടത്തുന്നത് സംസ്ഥാന സര്‍ക്കാരും സ്വരലയയും ചേര്‍ന്നാണ്. ഗുലാം അലിയുടെ മുംബൈ പരിപാടി ശിവസേനയുടെ എതിര്‍പ്പു മൂലം മാറ്റി വെച്ചിരുന്നു.