കൊച്ചി: രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കുന്ന തരത്തില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ നടക്കുന്ന ബീഫ് മേളകള്‍ക്കെതിരായി കെ സുരേന്ദ്രന്റെ ഫേസ്ബുക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത് കേരളത്തിലേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധം പാകിസ്ഥാനിലെ ചിത്രം. സുരേന്ദ്രന്റെ ഔേദ്യാഗിക പോസ്റ്റിലെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും അത് വന്‍ ദുരന്തലിയേക്ക് നിങ്ങുകയും ചെയ്യുമെന്ന ആശങ്ക പരന്നിരിക്കുകയാണ.്
2015 ജൂലൈ 21നു ഇന്ത്യ ടൈംസ് വെബ്സൈറ്റ് പാക്കിസ്ഥാനെക്കുറിച്ച് വിശദീകരിക്കുന്ന ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രമാണിത്. പാക്കിസ്ഥാനിലെ പശു കശാപ്പ് എന്ന അടിക്കുറിപ്പോടെയാണ് വെബ്സൈറ്റ് ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നേരത്തെ, മുസഫര്‍ നഗര്‍ കലാപത്തിനു കാരണമായത് ഇത്തരത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള വ്യാജ വീഡിയോ ആയിരുന്നു. ഇക്കാര്യം അന്വേഷണ ഏജന്‍സികള്‍ പിന്നീട് കണ്ടെത്തിയിരുന്നു. ജാട്ട് വിഭാഗക്കാരെ മുസ്ലിംകള്‍ ആക്രമിക്കുന്ന എന്ന പേരിലായിരുന്നു ഈ വിഡീയോ സംഘപരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചത്. 2013 ആഗസ്റ്റില്‍ നടന്ന കലാപത്തില്‍ നൂറോളം മുസ്ലിങ്ങള്‍ കൊല്ലപ്പെടുകയും 50,000ത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിരുന്നു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ കശാപ്പ് ചെയ്ത സംഭവം ദേശിയ തലത്തില്‍ ബിജെപി പ്രചരാണായുധമാക്കിമാറ്റിയ സമയത്താണ് ഈ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം സുരേന്ദ്രന്‍ പുറത്ത് വിട്ടതെന്നതും ശ്രദ്ധേയമാണ്.
സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുകയാണെന്നും ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുന്നുണ്ട്.
കേരളീയരെല്ലാം പശുക്കളെ അപമാനിക്കുകയും വ്യാപകമായി കൊല്ലുകയും ചെയ്യുന്ന ആളുകളാണെന്ന തരത്തില്‍ മലയാളിയായ ഒരു നേതാവ് നടത്തുന്ന പ്രചാരണം രാജ്യമെങ്ങുമുള്ള മലയാളികള്‍ക്കാണ് തിരിച്ചടിയാവുക.