തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌നാട്ടിലും സംസ്ഥാന അധ്യക്ഷന്മാരെ മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വൈകാതെ പുറത്തുവിടും. അന്തിമ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ പകുതിയില്‍ താഴെ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. എ ക്ലാസ് മണ്ഡലങ്ങളെല്ലാം ഇതിലുള്‍പ്പെടുമെന്നാണ് വിവരം. മാത്രമല്ല, പ്രമുഖ നേതാക്കള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ പ്രഖ്യാപനവും ഉടനുണ്ടാകും. കേരളത്തില്‍ ബിജെപി പ്രധാനമായും നോട്ടമിടുന്നത് അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളാണ്.
2019ലെ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മണ്ഡലങ്ങളാണിതെല്ലാം. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി ആരെന്ന് ആദ്യ പട്ടികയിലറിയാം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം ഇതുവരെ ചര്‍ച്ച ചെയ്തതില്‍ നിന്ന് ചില വ്യത്യാസം സ്ഥാനാര്‍ഥികളിലുണ്ടാകുമെന്നതാണ്. ഇത്തവണ മല്‍സരിക്കാനില്ല എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍മാന്‍ കേരളത്തിലും തമിഴ്‌നാട്ടിലും മല്‍സരിക്കണം എന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നതത്രെ. അങ്ങനെ സംഭവിച്ചാല്‍ കെ സുരേന്ദ്രന്‍ മല്‍സരിച്ചേക്കും. രണ്ട് മണ്ഡലങ്ങളിലാണ് സാധ്യത.
കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ മല്‍സരിച്ചത് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലാണ്. യുഡിഎഫ് തൂത്തുവാരിയ സാഹഹചര്യത്തിനിടയിലും മികച്ച പ്രകടനം സുരേന്ദ്രന്‍ കാഴ്ചവച്ചു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സുരേന്ദ്രന്‍ ഇത്തവണയും പത്തനംതിട്ടയില്‍ മല്‍സരിക്കണമെന്ന ആവശ്യമാണ് പുതിയതായി ഉയര്‍ന്നിരിക്കുന്നത്.
പിസി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട മണ്ഡലമാണ് പത്തനംതിട്ട. പിസി ജോര്‍ജ് മല്‍സരിക്കുന്നതില്‍ എസ്എന്‍ഡിപിക്ക് അതൃപ്തിയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിനിടെയാണ് കേന്ദ്ര നേതൃത്വം സംസ്ഥാന അധ്യക്ഷന്‍ മല്‍സരിക്കുന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരേന്ദ്രന്‍ മല്‍സരിക്കേണ്ടി വന്നാല്‍ മറ്റു പേരുകള്‍ മാറ്റി വയ്ക്കും.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് ഒരു പേരിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നടി ശോഭനയുടെ പേരും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മല്‍സരിക്കാനുള്ള സാധ്യത തള്ളാനാകില്ല എന്നാണ് പുതിയ വിവരം.
തമിഴ്‌നാട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ മല്‍സരിക്കാന്‍ സാധ്യതയുണ്ട്. കോയമ്പത്തൂര്‍, അല്ലെങ്കില്‍ തെക്കന്‍ തമിഴ്‌നാട്ടിലെ ഏതെങ്കിലും മണ്ഡലം എന്നിവിടങ്ങളിലാണ് സാധ്യത. ഇക്കാര്യത്തിലും വൈകാതെ അന്തിമ തീരുമാനമുണ്ടാകും. ദക്ഷിണേന്ത്യയില്‍ നിന്ന് ഇത്തവണ കൂടുതല്‍ ബിജെപി പ്രതിനിധികള്‍ ലോക്‌സഭയില്‍ വേണമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം.